കുറ്റിപ്പുറം : വിരമിക്കുന്ന നാഷണൽ സർവീസ് സ്കീം ടെക്‌നിക്കൽ സെൽ മുൻ സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ഡോ. അബ്ദുൾ ജബ്ബാർ അഹമ്മദിന് കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്‌കൂളിൽ യാത്രയയപ്പ് നൽകി. ജബ്ബാർ അഹമ്മദിന്റെ മുൻ ശിഷ്യയായ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനുമെത്തി. അദ്ദേഹത്തോടും പഴയ സഹപാഠികളോടുമൊപ്പം ഏറെനേരം ചെലവഴിച്ചാണ് ആര്യ രാജേന്ദ്രൻ മടങ്ങിയത്. പ്രിയഅധ്യാപകനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയെടുത്ത് ജബ്ബാറിനൊപ്പമുള്ള നിമിഷങ്ങൾ ആര്യ അവിസ്മരണീയമാക്കി.
തിരുവനന്തപുരം എൽബിഎസ് എൻജിനിയറിങ് കോളേജ് വിദ്യാർഥിയായിരിക്കെയാണ് ആര്യ അബ്ദുൾ ജബ്ബാറിന്റെ ശിഷ്യയാകുന്നത്. പുനർജനി ക്യാമ്പ് ഓർമകളും ആര്യ പങ്കുവെച്ചു. തിരൂർ കൂട്ടായിയിലെ സി.എൻ. അഹമ്മദ് കോയ-പി.കെ. മറിയക്കുട്ടി ദമ്പതിമാരുടെ ഏകമകനായ അബ്ദുൾ ജബ്ബാർ അഹമ്മദ്, രാഷ്ട്രപതി സമ്മാനിക്കുന്ന മികച്ച എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം തുടർച്ചയായി മൂന്നുതവണ നേടിയിട്ടുണ്ട്.
2019-ൽ സംസ്ഥാന സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചു. യാത്രയയപ്പുചടങ്ങിൽ തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, അഡ്വ. പി. നസറുല്ല, എൻഎസ്എസ് റീജണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ, സംസ്ഥാന ഓഫീസർ ഡോ. അൻസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജണൽ ഡയറക്ടർ ജെ.എസ്. സുരേഷ്‌കുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ എ.എസ്. ചന്ദ്രകാന്ത ബ്രഹ്‌മനായകം മഹാദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.ടെക്നിക്കൽ സൂപ്രണ്ട് പി. ജയപ്രസാദ്, ജിനേഷ്, അൻവർ, ഐ.പി. റിയാസ്, സിദ്ധാർത്ഥൻ തുടങ്ങിയവർ നേതൃത്വം നൽകി.