Breaking
Sat. Apr 12th, 2025

എടപ്പാൾ : എടപ്പാൾ ടൗണിലെ കണ്ണായ ഭാഗത്ത് അവകാശികളില്ലാതെ രണ്ടുസെൻറ്‌ സ്ഥലമുണ്ടെന്നതു സംബന്ധിച്ച തർക്കത്തിനു പരിഹാരം. ജില്ലാ സർവേയറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന സർവേയിൽ അവകാശികളില്ലാത്ത ഭൂമി മേൽപ്പാലത്തിനടിയിൽ കണ്ടെത്തി.വർഷങ്ങളായി ഈ ഭൂമി സംബന്ധിച്ച് പ്രദേശത്ത് നിലനിന്ന ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും ഇതോടെ പരിഹാരമായി. മാത്രമല്ല ഭൂമി കൈയേറിയെന്ന് ആരോപണം നേരിട്ട പെട്രോൾപമ്പുടമയ്ക്കും സർവേഫലം ആശ്വാസമായി.പമ്പുടമയുടെയും പരാതിക്കാരുടെയും പൊതുമരാമത്തുവകുപ്പ്-റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ജില്ലാ സർവേ സൂപ്രണ്ട് സിന്ധു പ്രേംലാലിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾനീണ്ട സർവേ നടന്നത്. ശുകപുരം സഫാരി മൈതാനിക്കു സമീപമുള്ള സർവേക്കല്ലുമുതൽ ആരംഭിച്ച സർവേ ഉച്ചയോടെയാണ് ടൗണിലെത്തിയത്.

പെട്രോൾപമ്പിന്റെ 20 സെന്റ് സ്ഥലം മാത്രമാണ് അവരുടെ കൈവശമുള്ളതെന്നു വ്യക്തമാകുകയും ഇതിന്റെ അതിർത്തിയോടുചേർന്ന് തൃശ്ശൂർ-പട്ടാമ്പി റോഡുകൾക്കരികിലായി എം.പി. തെയ്യൻ മേനോൻ എന്നയാളുടെ പേരിൽ അവകാശികളില്ലാത്ത 1.9 സെന്റ് ഭൂമിയുണ്ടെന്നുമായിരുന്നു കണ്ടെത്തൽ.നേരത്തേ സംസ്ഥാനപാത വികസനസമയത്തും മേൽപ്പാലം നിർമാണ സമയത്തുമെല്ലാമാണ് ഇതു സ്ഥിരീകരിച്ചത്. ഇതനുസരിച്ച് ജില്ലാപഞ്ചായത്ത് ഇവിടെ കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കാൻ തറക്കല്ലിടുകയും ഓട്ടോ-ടാക്സി സ്റ്റാൻഡായി ഉപയോഗിക്കുകയുംചെയ്തു. സ്ഥലം വിട്ടുകിട്ടാനായി വിവിധ രാഷ്ട്രീയപാർട്ടികൾ സമരരംഗത്തിറങ്ങുകയും ചെയ്തിരുന്നു.പിന്നീട് എഐവൈഎഫ്, കോൺഗ്രസ് നേതാക്കളായ ഇ.വി. അനീഷ്, ഇ.പി. രാജീവ് എന്നിവർ കളക്ടർ, ജില്ലാ സർവേ സൂപ്രണ്ട് എന്നിവർക്കു നൽകിയ പരാതിയെതുടർന്നാണ് സർവേ നടന്നത്.

ജില്ലാ ഹെഡ് സർവേയർ ജയകുമാരി, താലൂക്ക് സർവേയർ നാരായണൻകുട്ടി, പരാതിക്കാരായ ഇ.വി. അനീഷ്, ഇ.പി. രാജീവ്, പ്രഭാകരൻ നടുവട്ടം, പി.വി. ബൈജു. പമ്പുടമ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.പെട്രോൾപമ്പ് നിൽക്കുന്ന ഭൂമിയുടെ പടിഞ്ഞാറുഭാഗത്തെ അതിർത്തി പൊതുമരാമത്തുവകുപ്പിന്റെ കൈവശമുള്ള റോഡിലേക്ക് മൂന്നുമീറ്ററോളം ഇറങ്ങിയാണെന്ന് കണ്ടെത്തിയതോടെ വിവാദം പുതിയ വഴിഞ്ഞിരിവിലെത്തിയതായി പരാതിക്കാർ പറഞ്ഞു. ആനുപാതികമായ അളവ് സ്ഥലം പമ്പുടമയുടെ പറമ്പിൽനിന്ന് കുറയേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല. തൃശ്ശൂർ റോഡിലെ സർവേക്കല്ല് കാണാൻ കഴിയാത്തത് കൃത്യമായി അതിർത്തി നിർണയിക്കുന്നതിനു തടസ്സമായിട്ടുണ്ടന്നും ഇവർ പറയുന്നു. പമ്പിന്റെ അതിർത്തി മൂന്നുമീറ്ററോളം റോഡിലേക്കു പോയിട്ടും പമ്പിന്റെ മൊത്തം അളവിൽ കുറവുവരാത്തതിൽ അപാകമുണ്ടെന്ന് ഇ.വി. അനീഷും ഇ.പി. രാജീവും ആരോപിച്ചു. പമ്പി‌ന്റെ സ്ഥലംമാത്രം അളന്ന് വ്യക്തതവരുത്താനും കൃത്യമായ അളവു ലഭിക്കാൻ ഡിജിറ്റൽ സർവേ നടത്താനും ആവശ്യമായ ഇടപെടൽ നടത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *