എടപ്പാൾ : വട്ടംകുളം അങ്ങാടിക്കുശേഷം പ്രധാന ടൗണായി മാറിക്കൊണ്ടിരിക്കുന്ന നടുവട്ടവും മനോഹരമാകുന്നു. ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് 20 ലക്ഷം ചെലവിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പാതയിൽ എടപ്പാൾ ടൗൺ കഴിഞ്ഞ് ഒന്നരക്കിലോമീറ്റർ ദൂരെയുള്ള വളർന്നുവരുന്ന ഒരു ടൗണാണ് നടുവട്ടം. തൃശ്ശൂർ-കുറ്റിപ്പുറം റോഡും കരിങ്കല്ലത്താണി-കൂനംമൂച്ചി റോഡും സംഗമിക്കുന്ന നാലുംകൂടിയ ജങ്ഷനാണിതും.
ആദ്യകാലത്തെ ചെറിയ ഒരു ടൗണായിരുന്നു ഇത്. പിന്നീട് പൂക്കരത്തറയിൽ സ്വകാര്യമേഖലയിൽ വലിയ മെഡിക്കൽ കോളേജ് വന്നതോടെ ഈ ടൗണിനും പ്രതീക്ഷകൾ വളർന്നു. അതോടെ വ്യാപാരമേഖലയിലും വലിയ ഉണർവുണ്ടായി. നിരവധി സ്ഥാപനങ്ങൾ ഇവിടെ വന്നു. എന്നാൽ ഇതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടായില്ല. കൂനംമൂച്ചി റോഡിലേക്ക് വാഹനങ്ങൾ തിരിയുന്നിടത്തും കരിങ്കല്ലത്താണി റോഡിലേക്ക് വാഹനങ്ങൾ തിരിയുന്നിടത്തും പലപ്പോഴും വലിയ ഗതാഗതക്കുരുക്കളുമുണ്ടായി.
യാത്രക്കാർ വർധിച്ചതോടെ അവർക്ക് സുരക്ഷിതമായി നടക്കാനുള്ള നടപ്പാതയുടെ അഭാവവുമുണ്ട്. വർഷക്കാലത്ത് മഴവെള്ളം ഇത്തരം പ്രശ്നങ്ങളെല്ലാം മനസ്സിലാക്കിയാണ് ഗ്രാമപ്പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. പത്തുലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് പഞ്ചായത്ത് നൽകി പണിയാരംഭിച്ചുകഴിഞ്ഞു. ശേഷിക്കുന്ന തുക പണി പുരോഗമിക്കുന്നതിനനുസരിച്ച് നൽകും.
മനോഹരമാകും: സൗകര്യവും കൂടും:പദ്ധതി പ്രാവർത്തികമാകുന്നതോടെ ടൗണിന്റെ ഭംഗികൂടും. നടപ്പാതകളും കൈവരികളും വരും. ഇവിടെയെല്ലാം പൂച്ചെടികൾ സ്ഥാപിക്കുകയും ഇന്റർലോക്ക് വിരിക്കുകയും ചെയ്യും. വെറുതെ കിടക്കുന്ന ഭൂമിയെല്ലാം ഗതാഗതയോഗ്യമാക്കി ടൗണിൽ സൗകര്യം വർധിപ്പിക്കും. ഡ്രൈനേജ് ആവശ്യമുള്ളിടത്ത് അതും നിർമിക്കും. വ്യാപാരികൾ, വാഹന ഡ്രൈവർമാർ, പ്രദേശവാസികൾ, പൊതുജനങ്ങൾ, സംഘടനാ പ്രതിനിധികൾ തുടങ്ങി എല്ലാവരുടെയും അഭിപ്രായവും നിർദ്ദേശവുമനുസരിച്ചാവും പദ്ധതി പൂർത്തീകരിക്കുക.
ഉദ്ഘാടനം കഴിഞ്ഞു:പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് നിർവഹിച്ചു. ഫസീല സജീബ് അധ്യക്ഷയായി. കഴുങ്ങിൽ മജീദ്, ഹസൈനാർ നെല്ലിശ്ശേരി, അക്ബർ പനച്ചിക്കൽ, ഇ.എസ്. സുകുമാരൻ, കെ.പി. റാബിയ, കെ. ഭാസ്കരൻ വട്ടംകുളം, ഇബ്രാഹിം മൂതൂർ, എം. നടരാജൻ, പ്രഭാകരൻ നടുവട്ടം എന്നിവർ പ്രസംഗിച്ചു.