തിരൂരങ്ങാടി : വിവാഹദിവസം വധുവിനെ കൊണ്ടുവരാൻ പോവുകയായിരുന്ന വരന്റെ കുടുംബം സഞ്ചരിച്ച കാറാണ് കൂരിയാട്ടെ മണ്ണിടിച്ചിലിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കാർ ഓടിക്കൊണ്ടിരിക്കേ പെട്ടെന്നാണ് മുകളിൽനിന്ന് കോൺക്രീറ്റ് കട്ടകൾ ഒന്നായി ഇടിഞ്ഞുവീഴുന്നതു കണ്ടത്. കാറിനു മുകളിലേക്കാണു കുറെ പൂട്ടുകട്ടകൾ വീണത്. ഇതോടൊപ്പം റോഡ് താഴ്ന്നുപോകുന്നതും കണ്ടു. ഒരു സെക്കൻഡ് കൊണ്ടാണ് എല്ലാം സംഭവിച്ചത്. ഉടനെ ഡോർ തുറന്ന് കുട്ടികളുമായി പുറത്തിറങ്ങി. കുട്ടികൾക്കും മുതിർന്നവർക്കും പരുക്കേറ്റിരുന്നു.
കൂടുതൽ മണ്ണിടിയുമോ എന്നു ഭീതിയിൽ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കാർയാത്രക്കാരിയായ തലപ്പാറ കൊല്ലഞ്ചേരി നസീമ പറഞ്ഞു.നസീമയും (38) സഹോദരൻ കൊല്ലഞ്ചേരി ഷംസുദ്ദീൻ (53), ഭാര്യ റസിയ (49), മകൾ നജ ഫാത്തിമ (15), മകൻ ആസിഫലിയുടെ ഭാര്യ റിഷാന (23), റിഷാനയുടെ മകൻ ഐദിൻ ആസിഫ് (3), നസീമയുടെ മക്കളായ അഫ്റിൻ ഫാത്തിമ (16), മെഹറിൻ ഫാത്തിമ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷംസുദ്ദീന്റെ സഹോദരിയുടെ മകന്റെ കല്യാണമായിരുന്നു.
തലപ്പാറ ഓഡിറ്റോറിയത്തിൽനിന്ന് വധുവിനെ കൊണ്ടുവരാൻ വലിയോറയിലെ ഓഡിറ്റോറിയത്തിലേക്ക് പോകുകയായിരുന്നു ഇവർ.ഉച്ചയ്ക്ക് 2.20ന് കൊളപ്പുറം കഴിഞ്ഞ് കൂരിയാട് സർവീസ് റോഡിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. കോൺക്രീറ്റ് കട്ടകൾ വീണതോടെ വണ്ടിയുടെ ചില്ലും മറ്റും തകർന്നു. ചെറിയ കുട്ടിക്ക് തലപൊട്ടി ചോരയൊലിച്ചു. വാഹനത്തിൽനിന്ന് എല്ലാവരും കൂട്ടനിലവിളിയായി.ഉടനെ ഡോർ തുറന്നു എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. വണ്ടി ഡ്രൈവ് ചെയ്തിരുന്ന ഷംസുദ്ദീന്റെ മേൽ മണ്ണ് പതിച്ചിരുന്നു. ചെവിയിലൊക്കെ മണ്ണായി. ഡോർ തുറന്നു കുട്ടികളെയും എടുത്ത് ഓടുകയായിരുന്നു. അപ്പോഴും റോഡ് ഇടിയുന്നതു കണ്ടു. പിറകിൽ 2 വാഹനങ്ങൾ ഉണ്ടായിരുന്നു. ആരൊക്കെയോ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.