ചങ്ങരംകുളം : മഴ പെയ്താൽ പെരുമുക്കിൽ യാത്രാദുരിതം തുടങ്ങുകയാണ്. ചെറിയ മഴ പെയ്താൽപോലും തകർന്നുകിടക്കുന്ന പ്രധാന റോഡുകൾ വെള്ളക്കെട്ടുകൾകൊണ്ട് നിറയും. റോഡിലെ ദുരിതം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും റോഡ് നന്നാക്കാനോ വെള്ളക്കെട്ടിന് പരിഹാരം കാണാനോ കഴിയാത്തത് പ്രദേശവാസികൾക്കു വലിയ ദുരിതമാകുകയാണ്. വിദ്യാർഥികൾ അടക്കമുള്ളവർക്ക് നടന്നുപോകാൻപോലും കഴിയാത്തവിധത്തിൽ പടിഞ്ഞാറെമുക്ക്-പന്താവൂർ റോഡിലും പെരുമുക്ക് -മാന്തടം റോഡിലും രൂപപ്പെടുന്ന വെള്ള ക്കെട്ടുകൾക്ക് പരിഹാരം കാണണം.
2016-17 സാമ്പത്തികവർഷം 35 ലക്ഷം രൂപ ചെലവഴിച്ച റോഡിന് 2020-21 സാമ്പത്തികവർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് 10 ലക്ഷം ചെലവഴിച്ചു പുനർനിർമാണം നടത്തുകയും ചെയ്തിരുന്നു.റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കാർ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.പ്രദേശത്ത് ഡ്രൈനേജുകൾ അടഞ്ഞുകിടക്കുന്നതുകൊണ്ടും അശാസ്ത്രീയമായ റോഡ് നിർമാണം കൊണ്ടുമാണ് ഇത്തരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതെന്നും എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നും നാട്ടുകാർ പറഞ്ഞു.