കുറ്റിപ്പുറം : ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭ്യമാക്കാനുള്ള നടപടികൾ വൈകുന്നു.വിവിധ വകുപ്പുകൾ കൈവശംവെച്ചിരുന്നതും പിന്നീട് പഞ്ചായത്തിന് വിട്ടുകൊടുത്തതുമായ സ്ഥലങ്ങളുടെ കൈവശാവകാശരേഖകൾ ഉണ്ടാക്കാൻ ഇതുവരെയും റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തിയിട്ടില്ല. ബസ് സ്റ്റാൻഡിനു നടുവിലൂടെ കടന്നുപോയിരുന്ന പഴയ ദേശീയപാതാ 66-ന്റെ സ്ഥലങ്ങൾ, റെയിൽവേ കൈവശംവെച്ചിരുന്നതും പിന്നീട് പഞ്ചായത്തിന് വിട്ടുനൽകിയതുമായ സ്ഥലം ഇതിന്റെയൊക്കെ കൈവശാവകാശരേഖകൾ ലഭ്യമാകാതെ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കില്ലെന്ന് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഭരണസമിതിയെ അറിയിച്ചിട്ട് മാസങ്ങളായി.എന്നാൽ ഭൂമികളുടെ കൈവശാവ കാശരേഖകൾ ലഭിക്കാനായി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകാൻപോലും ഇതുവരെയും ഭരണസമിതി തയ്യാറായിട്ടില്ല.ഇതെല്ലാം ഒളിപ്പിച്ചുവെച്ചാണ് ഭരണസമിതി പദ്ധതിക്ക് ഉടനെ തുടക്കമാകുമെന്ന പ്രചാരണം നടത്തുന്നത്.
പദ്ധതി തുടങ്ങിയിട്ട് മൂന്നുവർഷം:ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞു. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഊരാളുങ്കലിന് കഴിഞ്ഞിട്ടില്ല. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ ഓരോ ഘട്ടത്തിലും പുതിയ പരിഷ്കാരങ്ങളടങ്ങിയ നിർദേശങ്ങളാണ് ഭരണസമിതി ഊരാളുങ്കലിനു മുൻപിൽ അവതരിപ്പിക്കുക. ഏറ്റവും ഒടുവിൽ അവതരിപ്പിച്ചിരിക്കുന്നത് ഹ്രസ്വദൂരബസുകൾക്ക് പാർക്കിങ്ങിന് കൂടുതൽ സ്ഥലവും കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂരബസുകൾക്ക് ആളെ ഇറക്കാനും കയറ്റാനും പ്രത്യേക സ്ഥലവും വേണമെന്നതാണ്. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കിവരുമ്പോഴേക്കും പുതിയ നിർദേശങ്ങളുമായി ഭരണസമിതി എത്തും.
റഫ് കോസ്റ്റ് 20.3 കോടി:കോംപ്ളക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ സൊസൈറ്റി, ഭരണസമിതിക്ക് നൽകിയിരിക്കുന്നത് 20.3 കോടി രൂപയുടെ റഫ് കോസ്റ്റാണ്. ഇത് ഭരണസമിതി യോഗം അംഗീകരിക്കുകയും ചെയ്തു. അതിനുശേഷം പദ്ധതിയുടെ തുടർനടപടികൾ ഊരാളു ങ്കലുമായി നേരിട്ട് ചർച്ച നടത്തി തീരുമാനിക്കുമെന്നാണ് ഭരണസമിതി പറഞ്ഞിരുന്നത്. ആഴ്ചകൾ പിന്നിട്ടിട്ടും ഊരാളുങ്കലുമായി ഭരണസമിതി ഇതുവരെയും ചർച്ചകൾ നടത്തിയിട്ടില്ല.
ഉയരുന്നു പ്രതിഷേധം:പദ്ധതിയുടെ ഭാഗമായി ആദ്യം ബസ് സ്റ്റാൻഡ് പിന്നെവാണിജ്യസമുച്ചയം എന്ന തീരുമാനത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. രണ്ട് പദ്ധതികളും ഉൾപ്പെടുന്ന രീതിയി ലാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ജിഎസ്ടി ഉൾപ്പെടെ 25 ലക്ഷമാണ് ഭരണസമിതി വകയിരുത്തിയത്. ഇതിൽ ഉപകരാർ തയ്യാറാ ക്കിയതിനുശേഷം ആദ്യഘട്ടമായി 35 ശതമാനമായ നാലു ലക്ഷത്തിലധികം രൂപ ഊരാളുങ്കലിന് നൽകിക്കഴിയുകയും ചെയ്തു. ബസ് സ്റ്റാൻഡ് നിർമാണത്തിനായി അഞ്ച് കോടി രൂപ ഇത്തവണ ത്തെ ബജറ്റിൽ ഭരണസമിതി വകയിരുത്തിയിട്ടുമുണ്ട്. വാണിജ്യസമുച്ചയം നിർമിക്കാനാ വശ്യ മായ ഫണ്ടിന് അപര്യാപ്തതയുണ്ടെങ്കിൽ സർക്കാരിന്റെ വിവിധ ധനകാര്യ ഏജൻസികളിൽനിന്ന് വായ്പയെടുക്കാൻ സംവിധാനമുണ്ട്. എംപി, എംഎൽഎ ഫണ്ടുകളും ലമ്യമാക്കാൻ കഴിയും. അതു മല്ലെങ്കിൽ ബിഒടി അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാം. ഇത്തരം സാമ്പത്തികസാഹചര്യങ്ങൾ നിലനിൽക്കെ ഭരണസമിതി പദ്ധതി രണ്ടാക്കി മാറ്റുന്നതെന്തിനെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്.