ചങ്ങരംകുളം : രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് മാറഞ്ചേരി ഹെൽത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ ആലങ്കോട്, നന്നമുക്ക് പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിൽ രാത്രികാല മിന്നൽ പരിശോധന നടത്തി. ഹോട്ടൽ, തട്ടുകടകൾ, ബാർ, മീൻ വില്പന ശാലകൾ, മറ്റു രാത്രികാല ഭക്ഷണവിതരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനം അടപ്പിക്കുകയും നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഴകിയ ഇറച്ചി, മീൻ, മുട്ട എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ക്രമക്കേട് കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നിർദ്ദേശം നൽകി. മാറഞ്ചേരി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് ബിനു ഇ പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ അൻസാർ പുളിക്കൽ, അബ്ദുൽ ജലീൽ, ഷാജി പി വി, ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് അഭിനേഷ് ടി എസ്, ജിതിൻ പി വി ,ജയൻ എ വി എന്നിവർ പങ്കെടുത്തു. വൈകിട്ട് തുടങ്ങിയ പരിശോധന പുലർച്ച വരെ നീണ്ടു. വരും ദിവസങ്ങളിലും രാത്രികാല പരിശോധന തുടരുമെന്ന് ബ്ലോക്ക് തല ആരോഗ്യ വിഭാഗം അറിയിച്ചു.