പൊന്നാനി : നഗരസഭാ പ്രദേശത്ത് ഭാരതപ്പുഴയുടെ പുറംപോക്കിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ കൈവശ ഭൂമിക്ക് പട്ടയംനൽകാനുള്ള സർക്കാർ നടപടിയുടെ ഭാഗമായുള്ള സർവേ നടപടികൾ ആരംഭിച്ചു.126 കുടുംബങ്ങൾക്കാണ് പട്ടയം നൽകാൻ ഉദ്ദേശിക്കുന്നത്.ഓരോ കുടുംബങ്ങളുടേയും കൈവശമുള്ള ഭൂമി ഡിജിറ്റൽ സർവേ ചെയ്ത് വിസ്തീർണം തിട്ടപ്പെടുത്തുന്ന തിനുള്ള പ്രവർത്തനങ്ങങ്ങളാണ് ആരംഭിച്ചത്.പുറമ്പോക്ക് നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് കൈവശഭൂമിക്ക് പട്ടയം വേണമെന്നത്. എംഎൽഎയുടെയും നഗരസഭയുടെയും റവന്യൂ അധികാരികളുടെയും ശ്രദ്ധയിൽ പട്ടയപ്രശ്‌നം ഉന്നയിക്കുകയും ചെയ്തിരുന്നു.പി. നന്ദകുമാർ എംഎൽഎ മന്ത്രി രാജന്റെ ശ്രദ്ധയിൽ വിഷയം അവതരിപ്പിക്കുകയും ബന്ധപ്പെട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മന്ത്രിയുടെ ചേംബറിൽ യോഗം വിളിച്ചുചേർത്ത് പട്ടയം നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.ഒക്ടോബറിൽ നടക്കുന്ന പട്ടയമേളയിൽ പൊന്നാനിയിലെ പുഴ പുറമ്പോക്ക് നിവാസികൾ ഉൾപ്പെടെയുള്ളവർക്ക് പട്ടയംനൽകുന്നതിന്റെ ഭാഗമായാണ് സർവേ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, വാർഡ് കൗൺസിലർ കെ.വി. ബാബു, മുൻ കൗൺസിലർ ദിവാകരൻ, സ്പെഷ്യൽ താലൂക്ക് സർവേയർമാരായ അജയൻ, കെ. അനീഷ്, വില്ലേജ് ഓഫീസർ സുനിൽകുമാർ, വില്ലേജ് അസിസ്റ്റന്റുമാരായ ഷെറിൻ, പ്രമോദ്, പൊതുപ്രവർത്തകരായ അബ്ദുൽ റഷീദ്, അനിൽകുമാർ, അബ്ദുറഹ്‌മാൻ തുടങ്ങിയവർ സർവേയ്ക്ക് നേതൃത്വംനൽകി.

