തിരൂർ : വരുമെന്നു പറഞ്ഞതല്ലാതെ, ഇതുവരെ വന്നിട്ടില്ല. പറഞ്ഞു വരുന്നത് ചെന്നൈയിൽ നിന്നു മലബാറിലേക്കു തുടങ്ങുമെന്ന് കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കെഎസ്ആർടിസി സർവീസിനെ കുറിച്ചാണ്. ഈ ഓണക്കാലത്തെങ്കിലും സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ മലയാളികൾ. ട്രെയിനുകളിലും സ്വകാര്യ ബസ് സർവീസുകളിലും കാർ വിളിച്ചുമെല്ലാമാണ് ചെന്നൈയിൽനിന്ന് മലയാളികൾ ഓണത്തിനും പെരുന്നാളിനുമെല്ലാം മലബാറിലേക്കെത്തുന്നത്. നിലവിൽ രാത്രി 8ന് ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് ഒരു ബസ് സർവീസ് നടത്തുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ഈ സർവീസിൽ സീറ്റു കിട്ടാറുമില്ല. കിട്ടിയാലും മലബാറിലുള്ളവർക്ക് കാര്യവുമില്ല. കഴിഞ്ഞ ഓണത്തിന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും സ്പെഷൽ സർവീസുകൾ ഓടിച്ചിരുന്നു.
ഇത്തവണ മലബാറിലേക്കുണ്ടാകുമോയെന്നാണ് ചെന്നൈയിലുള്ള മലയാളികൾ ഉയർത്തുന്ന ചോദ്യം.നല്ല സമയത്തെ മെയിൽ ∙ ചെന്നൈയിൽ നിന്നു നാട്ടിലെത്താനുള്ളവർ ആദ്യം തിരയുന്നത് മെയിൽ എക്സ്പ്രസിൽ ടിക്കറ്റുണ്ടോയെന്നാണ്. രാത്രി 8.10ന് യാത്ര തുടങ്ങുന്ന ട്രെയിനിൽ കയറിയാൽ പുലർച്ചെയാകുമ്പോൾ തിരൂരിലെത്താം. മംഗളൂരു സെൻട്രൽ എക്സ്പ്രസും (16159) ഇങ്ങനെത്തന്നെ. ബാക്കി ട്രെയിനുകളിലെ യാത്ര മലബാർ മേഖലയിൽ അവസാനിക്കുന്നത് അർധരാത്രിയാണ്. പലർക്കും വീടുകളിലെത്താൻ പറ്റാത്ത സ്ഥിതിയാണ്. വെസ്റ്റ് കോസ്റ്റ് പോലുള്ള എക്സ്പ്രസുകളിൽ റിസർവേഷൻ കംപാർട്മെന്റുകളിൽ പോലും അതിഥിത്തൊഴിലാളികളുടെ തിരക്കാണ്. വൃത്തിയുമില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. മെയിൽ എക്സ്പ്രസിൽ കാട്പാടി വരെ റെയിൽവേ ജീവനക്കാർ റിസർവ്ഡ് കോച്ചുകളിൽ കയറുമെങ്കിലും കാര്യമായ പ്രയാസങ്ങളുണ്ടാക്കാറില്ല. എന്നാൽ മെയിൽ അടക്കമുള്ള എക്സ്പ്രസുകളിൽ സീറ്റ് കിട്ടാത്ത സ്ഥിതിയുണ്ട്.
ഓണക്കാലത്ത് ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.വലിയ നിരക്ക് ∙ ഓണമായാലും പെരുന്നാളായാലും നാട്ടിലെത്താൻ തയാറെടുക്കുന്നവർ ട്രെയിനിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ആശ്രയിക്കുന്നത് സ്വകാര്യ ബസ് സർവീസുകളെയാണ്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുകളുണ്ട്. എന്നാൽ സീസണിൽ ടിക്കറ്റ് നിരക്ക് വർധിക്കുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ചെന്നൈയിലെ വ്യാപാരികളിൽ കൂടുതലും മലബാറിൽ നിന്നുള്ളവരാണ്. ഒട്ടേറെ വിദ്യാർഥികളും ജോലി ചെയ്യുന്നവരുമുണ്ട്. ചിലർ സംഘം ചേർന്ന് കാറുകളിൽ നാട്ടിലേക്കു പോകും. ഒരു വശത്തേക്ക് 3,500 രൂപയുടെ ഇന്ധനമടിക്കും. 1,500 രൂപ ടോളും നൽകണം. നാട്ടിലെത്താൻ വേറെ നിവൃത്തിയില്ല.
കാത്തിരിപ്പ് ∙ ഇതെല്ലാം കൊണ്ടാണ് ചെന്നൈയിൽ നിന്ന് മലബാറിലേക്ക് കെഎസ്ആർടിസി ഓടിക്കണമെന്ന ആവശ്യം ഇവരുന്നയിക്കുന്നത്. മുൻ സർക്കാർ ഇതു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ലെന്ന് ഇവർ പരാതി പറയുന്നു. സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ പലരും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിൽ ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ വരെയെത്തും. ഇവിടെ നിന്ന് പാലക്കാടെത്തിയാണ് വീട് പറ്റുന്നത്. ഇത്തവണ ഓണസമയത്തെങ്കിലും ചെന്നൈയിൽ നിന്ന് കെഎസ്ആർടിസി സർവീസ് നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്

