Breaking
Thu. Jul 2nd, 2026

എടപ്പാൾ : എടപ്പാളിലെ പൂരാടവാണിഭത്തിന് വിപണിയൊരുങ്ങുന്നു. തിരുവോണത്തിന്റെ തലേന്ന് ഒരു നക്ഷത്രത്തിന്റെ പേരിൽ നടക്കുന്ന ഏക വാണിഭമെന്ന നിലയിൽ പൗരാണികമായി ഏറെ പ്രാധാന്യമുള്ള വാണിഭമാണിത്.ഇത്തവണ ബുധനാഴ്ചയാണ് വാണിഭം. ഓണക്കാലത്ത് സാധാരണ നേന്ത്രക്കായുടെ വില കൂടാറുണ്ടെങ്കിലും ഇത്തവണ വില കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്.ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങായ കാഴ്ചക്കുല സമർപ്പണത്തിലേക്ക് ലക്ഷണമൊത്തവ സമർപ്പിക്കാൻ പതിറ്റാണ്ടുകളായി മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലക്കാരെത്തിയിരുന്ന വാണിഭമായിരുന്നു ഇത്.പഴയകാലത്ത് കുടിയാൻ ജന്മിക്ക് കാഴ്ചക്കുല സമർപ്പിക്കുന്ന ആചാരമുണ്ടായിരുന്നു. പകരം ഓണപ്പുടവയും ദക്ഷിണയും നൽകി യാണ് അവരെ കുടിയാന്മാരെ ജന്മിമാർ പറഞ്ഞയച്ചിരുന്നത്.

അക്കാലംമുതൽ നല്ല അഴകും ഗുണവുമൊത്ത നാടൻ കാഴ്ചക്കുലകൾ ലഭിച്ചിരുന്ന സ്ഥലമാണ് എടപ്പാൾ അങ്ങാടി. പൊന്നാനിയിൽ നിന്നുള്ള മത്സ്യസമ്പത്തും കാർഷിക ഉത്പന്നങ്ങളുമെല്ലാം പൂരാടംനാളിൽ ഇവിടെയെത്തിയിരുന്നു. അന്നത്തെ പ്രധാന പട്ടണമെന്നതും ഗതാഗത സൗകര്യ വുമൊക്കെയാണ് എടപ്പാളിന് ഈ പദവി ലഭിക്കാൻ കാരണമായത്.90 രൂപ വരെ ഉയർന്നിരുന്ന നേന്ത്രക്കായുടെ വില അത്തം പിറന്നതോടെ താഴേക്കിറങ്ങി. മൊത്തവില 35-37 രൂപയാണിപ്പോൾ. ചില്ലറ വില്പന 45 രൂപയും.നാടൻകുലകൾ കുറവാണ്. 70 രൂപയാണ് മൊത്തവില. ചില്ലറവില്പന 80-90 വരെയും. ആലൂർ, പട്ടിത്തറ, കൂടല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് നാടന്റെ വരവ്. ഇതിന് ആവശ്യക്കാരേറെയുണ്ടെന്ന് എടപ്പാളിലെ മൊത്തവിതരണ സ്ഥാപനമായ എം.എച്ച്. ബനാനാസ് ഉടമ സലാം പറയുന്നു.

ഗംഭീരമാക്കാൻ ഗ്രാമപ്പഞ്ചായത്ത്:എടപ്പാൾ ഗ്രാമപ്പഞ്ചായത്തിന്റെ പൂരാട വാണിഭാ ഘോഷ ത്തിന് തിങ്കളാഴ്ച കൃഷിഭവൻ, കുടുംബശ്രീ ചന്തയോടെ തുടക്കമായി. ചൊവ്വാഴ്ച മൂന്നിന് പുലിക്കളി, കളരി അഭ്യാസം എന്നിവയോടെ സാംസ്കാരികഘോഷയാത്ര, കലാപരിപാടികൾ എന്നിവനടക്കും. ബുധനാഴ്ച അഞ്ചിന് സാംസ്കാരികസമ്മേളനം കെ.ടി. ജലീൽ എംഎൽഎ. ഉദ്ഘാടനംചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ, എം.എം. നാരായണൻ എന്നിവരെ ആദരിക്കും. ഗാനമേള, നാടൻപാട്ടു കൾ, നാടൻകലാ വരവുകൾ, കുടുംബശ്രീ കലാവിരുന്ന്, പുഷ്പവിപണന മേള, പൂവട്ടി വിസ്മയം എന്നിവയും ഉത്രാടരാത്രി വരെ നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *