എരമംഗലം : ജില്ലയിലെ നെൽക്കർഷകർക്കു കിട്ടാനുള്ളത് 21 കോടി രൂപ. ഓണത്തിനും പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പൊന്നാനി കോളിലെ കർഷകർ ഉത്രാടദിവസം പട്ടിണിസമരം നടത്തും. 5 മാസം മുൻപു കർഷകരിൽ നിന്നു സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണമാണ് ഓണം അടുത്തെത്തിയിട്ടും കിട്ടാത്തത്.സർക്കാരിന്റെയും സപ്ലൈകോയുടെയും ധാരണ പ്രകാരം സംഭരിച്ച മേയ് 28വരെ സംഭരിച്ച നെല്ലിന്റെ പണം എസ്ബിഐ, കനറാ ബാങ്കുകൾ വഴി വായ്പ യായി നൽകാൻ തീരുമാനിച്ചെങ്കിലും ബാങ്കുകൾ കർഷകർക്ക് നൽകുന്ന വായ്പ പരിധി കഴിഞ്ഞതോടെ ഓണം കഴിഞ്ഞാലും നെല്ലിന്റെ പണം ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.
ഓണത്തിന് മുൻപ് പണം ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന ജില്ലയിലെ ഏഴായിരത്തോളം കർഷകർക്കാണു തിരിച്ചടി ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ 86 താലൂക്കുകളിലെ നെൽ ക്കർഷകരിൽ നിന്നു സംഭരിച്ച നെല്ലിന്റെ പണം 1200 കോടി രൂപയ്ക്കു മുകളിൽ വായ്പയായി ബാങ്കുകൾ നൽകിയതോടെ ഈ മാസം മുതൽ കർഷകർക്ക് പണം നൽകാനാവില്ലെന്നാണ് ബാങ്കുകൾ സപ്ലൈകോയെ അറിയിച്ചിരിക്കുന്നത്. കൂടുതൽ സംഭരണം നടത്തിയ പൊന്നാനി കോളിൽ നാമ മാത്ര കർഷകർക്കാണ് പണം ലഭിച്ചത്.
തൃശൂർ, മലപ്പുറം ജില്ലകളിലായി വരുന്ന കോളിലെ 2957 കർഷകർക്കായി 18.5 കോടി രൂപയാണ് ഇന്നലെ വരെ സപ്ലൈകോ വിതരണം ചെയ്യാനുള്ളത്.നെല്ലിന്റെ പണം ലഭിക്കാത്തതിൽ പ്രതി ഷേധിച്ച് ഉത്രാട ദിവസമായ വ്യാഴാഴ്ച പൊന്നാനി കോൾ സംരക്ഷണ സമിതി ചങ്ങരംകുളത്തു പട്ടിണിസമരം നടത്താൻ തീരുമാനിച്ചു കോൾ സംരക്ഷണ സമിതി സെക്രട്ടറി കെ.എ.ജയാനന്ദൻ ആധ്യക്ഷ്യം വഹിച്ചു. എം.എ.വേലായുധൻ, എൻ.കെ.സതീശൻ, വി.വി.കരുണാകരൻ, വി.പി.ഉമ്മർ എന്നിവർ പ്രസംഗിച്ചു.