കുറ്റിപ്പുറം : പകരനെല്ലൂർ-അമ്പലപ്പടി റോഡിന്റെ രണ്ടാംഘട്ട കോൺക്രീറ്റ് പ്രവൃത്തികൾ ആരംഭിച്ചു. പകരനെല്ലൂർ അങ്ങാടി മുതൽ രുധിരമഹാകാളൻ ക്ഷേത്രം വരെ 12 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ നടക്കുന്നത്.പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ അവസ്ഥ ഏറെ ശോചനീയമായിരുന്നു. ഇത്തവണത്തെ ശക്തമായ മഴയിൽ ഇപ്പോൾ റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾ നടക്കുന്ന ഭാഗം മുഴുവൻ മഴവെള്ളം നിറഞ്ഞുനിൽക്കുന്ന അവസ്ഥയിലായിരുന്നു.ചെമ്പിക്കൽ, ഊരോത്ത് പള്ളിയാൽ എന്നിവിടങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് ജനങ്ങൾ ദിനംപ്രതി ഉപയോഗിക്കുന്ന ഈ റോഡിൽ നാല് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. വെള്ളക്കെട്ട് ഉണ്ടായ സമയത്ത് ഇതുവഴി വാഹനങ്ങളും കാൽനടക്കാരും കടന്നുപോകാൻ അനുഭവിച്ച ദുരിതത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം ഘട്ടത്തിൽ ഏകദേശം 250 മീറ്ററോളം ദൂരംകൂടി പുനർനിർമാണം നടത്തേണ്ടതുണ്ട്.

