പൊന്നാനി : വലിയ ജുമുഅത്ത് പള്ളി കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് മീനുകൾ ചത്തത്.ഒട്ടേറേപ്പേർ കുളിക്കാറുള്ള കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയത് ആളുകളെ ദുരിതത്തിലാക്കി. ദുർഗന്ധം വമിക്കുന്നതിനാൽ കുളപ്പടവിൽ ഇരിക്കാൻപോലുമാകുന്നില്ല. വെള്ളത്തിന് നിറവ്യത്യാസവും വന്നിട്ടുണ്ട്. പൊന്നാനിയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും നിരവധിപേർ മുട്ടപ്പത്തിരി കഴിക്കാനെ ത്തുന്നത് കുളത്തിനു സമീപത്തെ കടയിലേക്കാണ്. കുളത്തിന്റെ പടവുകളിൽ ഇരുന്നാണ് പലരും മുട്ടപ്പത്തിരി കഴിക്കാറുള്ളത്. ഇതിന്റെ അവശിഷ്ടങ്ങളെല്ലാം കുളത്തിലേക്ക് നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്.
മാലിന്യനിക്ഷേപം മൂലമാണ് കുളത്തിലെ മത്സ്യങ്ങൾ ചത്തു പൊങ്ങിയതെന്നാണ് നാട്ടുകാരുടെ പരാതി.നഗരസഭ ആരോഗ്യവിഭാഗം കുളം സന്ദർശിച്ച് സാമ്പിളുകൾ ഫിഷറീസ് വകുപ്പ് മുഖേന പരിശോധനയ്ക്കയച്ചു. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റവും പിലോപ്പി മത്സ്യങ്ങളുടെ വർധനവിനെത്തുടർന്ന് അമോണിയയുടെ സാന്നിധ്യം വർധിച്ചതുമാകാം മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. വിഷാംശത്തിന്റെ സാന്നിധ്യം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പരിശോധനാ ഫലം വന്നാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂവെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് കുമാർ പറഞ്ഞു.

