പൊന്നാനി : ഒരു നൂറ്റാണ്ടിലേറെക്കാലമായി പൊന്നാനിയിൽ ദീപാവലി നാളിൽ നടക്കുന്ന കുറ്റിക്കാട് കണ്ണപ്പിൽ വാണിഭത്തിന് ഒരുക്കങ്ങൾ തുടങ്ങി.ഞായറാഴ്ച ആരംഭിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വാണിഭം മുൻകാലങ്ങളിൽ സമാപിക്കാറെങ്കിലും ഇപ്പോൾ മൂന്നും നാലും ദിവസങ്ങളിലായി വാണിഭം തുടരും.നഗരവത്കരണത്തിനു മുൻപ് നാടൻ ഉത്പന്നങ്ങളും അവശ്യസാധനങ്ങളും വിറ്റഴിച്ചിരുന്ന നാടൻചന്ത എന്ന നിലയിൽ പ്രസിദ്ധമായ വാണിഭത്തിൽ അയൽജില്ലകളിൽനിന്നുപോലും ധാരാളം പേർ എത്തിയിരുന്നു.മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കർഷകരും വ്യാപാരികളും തങ്ങളുടെ വിൽപ്പനവസ്തു ക്കളുമായെത്തും. മധുരക്കിഴങ്ങ്, കൂർക്ക, കരിമ്പ്, നെല്ലിക്ക, വിവിധയിനം തൈകൾ, കാർഷികാവശ്യങ്ങൾക്കുള്ള പണിയായുധങ്ങൾ, കയറുത്പന്നങ്ങൾ, മൺപാത്രങ്ങൾ, മധുരപലഹാരങ്ങൾ എന്നിങ്ങനെ നിരവധി വസ്തുക്കൾ വിൽപ്പനക്കെത്തിക്കഴിഞ്ഞു.

