Breaking
Thu. Oct 1st, 2026

പോസ്റ്റർ ഒട്ടിക്കുമ്പോൾ പോലീസ് ഫോട്ടോയെടുക്കും! പ്ലീസ്, വയലന്റാകരുത്

തിരൂർ : ‘തിരഞ്ഞെടുപ്പിന്റെ പോസ്റ്റർ ഒട്ടിക്കുമ്പോൾ പോലീസ് ഫോട്ടോയെടുക്കും! പ്ലീസ്, വയലന്റാകരുത്’ -ഇത് തിരൂർ പോലീസ് സ്റ്റേഷനിലെ  എസ്എച്ച്ഒ പി. വിഷ്ണുവിന്റെ വാക്കുകളാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ മാർഗനിർദേശം നൽകാൻ തിരൂർ പോലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്. ഒരാൾ പോസ്റ്റർ ഒട്ടിച്ചു പോയി പിന്നാലെ മറ്റൊരു പാർട്ടിക്കാരൻ അതിനുമീതെ പോസ്റ്റർ ഒട്ടിച്ചാലോ കീറിയിട്ടാലോ എതിർ പാർട്ടിക്ക് ഞെരമ്പിൽ ചോരതിളയ്ക്കും; അടിപിടിയിൽ കലാശിക്കും.

ഇതു പരിഹരിക്കാനാണ് പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടാൽ പോലീസ് ഫോട്ടോയെടുക്കുന്നത്. ഫോട്ടോയെടുക്കുമ്പോൾ പോലീസിനോട് ചൂടാകരുതെന്നു സാരം.പ്രചാരണ വാഹനങ്ങളുടെ മുൻപിൽ മൈക്ക് പെർമിഷൻ ലെറ്റർ ഒട്ടിക്കുക, പൊതുയോഗം നടക്കുമ്പോൾ അതുവഴി പോകുന്ന പ്രചാരണ വാഹനം മൈക്ക് ഓഫാക്കി കടന്നുപോകുക തുടങ്ങിയ നിർദേശങ്ങളും നൽകി. കൊട്ടിക്കലാശം വേണ്ടെന്നാണ് പൊതുവേ ധാരണയെങ്കിലും ഇതു പിന്നീട് നടക്കുന്ന യോഗത്തിൽ തീരുമാനിക്കും.എസ്ഐ ആർ.പി. സുജിത്ത് അധ്യക്ഷനായി. തിരൂർ ഇലക്‌ഷൻ സെൽ ഓഫീസർ എഎസ്ഐ ടി. ഷംസാദ് പ്രസംഗിച്ചു. വിവിധ പഞ്ചായത്തുകളിൽനിന്നും നഗരസഭയിൽ നിന്നുമുള്ള രാഷ്ടീയപ്പാർട്ടി നേതാക്കൾ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *