കുറ്റിപ്പുറം : ഒരു കിലോമീറ്റർ ദൂരമുള്ള റോഡ് നിർമിച്ചാൽ 1,600-ലേറെ കുടുംബങ്ങളുടെ ചുറ്റിവളഞ്ഞുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുക. എന്നാൽ ഈ റോഡ് നിർമാണം പതിറ്റാണ്ടുകളായി ഒരു സ്വപ്നം മാത്രമായി തുടരുകയാണ്.കുറ്റിപ്പുറം പഞ്ചായത്തിലെ മാണിയങ്കാട് തോട്ടായി മുതൽ തിരുനാവായ പഞ്ചായത്തിലെ എടക്കുളം പഴയ ബസ് സ്റ്റാൻഡ് വരെ റെയിൽപ്പാതയ്ക്കു സമീപത്തെ വലിയപറപ്പൂർ കായലോരത്തുകൂടി ഒരു റോഡ് വേണമെന്ന ജനങ്ങളുടെ ആവശ്യമാണ് ഇപ്പോഴും യാഥാർഥ്യമാകാതെകിടക്കുന്നത്.ഈ ഒരു കിലോമീറ്റർ റോഡ് നിർമിച്ചാൽ കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം, നാഗപറമ്പ്, തെക്കേപറമ്പ്, മാണിയങ്കാട്, കൊളത്തോൾ, പാറ, ആനപ്പടി മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
നിലവിൽ എട്ടു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് പ്രദേശത്തുള്ളവർ തിരുനാവായയിലേക്കും എടക്കുളത്തേക്കും പോകുന്നത്.നേരത്തേ, മാണിയങ്കാട്ടിലുള്ളവർക്ക് തോട്ടായിയിലെ റെയിൽവേ പാതയുടെ അരികിലൂടെ തിരുനാവായയിലേക്കും എടക്കുളത്തേക്കും കാൽനടയായി വേഗത്തിലെത്താമായിരുന്നു. പാത ഇരട്ടിപ്പിച്ചതോടെ ഇതുവഴിയുള്ള കാൽനടയാത്ര പറ്റാതായി. ഇപ്പോൾ റെയിൽപാള ത്തിലൂടെ യാണ് കാൽനടയാത്ര. റെയിൽപാളത്തിലൂടെയുള്ള അശ്രദ്ധമായ കാൽനടയാത്ര വലിയ അപകടഭീഷണിയാണുയർത്തുന്നത്.
സ്ഥലം ഏറ്റെടുക്കുന്നത് പ്രതിസന്ധി:ആറു മീറ്റർ വീതിയിൽ വലിയപറപ്പൂർ കായലോരത്തു കൂടി റോഡ് നിർമിക്കാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. റോഡ് നിർമിക്കാനാവശ്യ മായ സ്ഥലം ലഭ്യമായാൽ സർക്കാർ തലത്തിൽ ഫണ്ട് ലഭ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. 20-ലേറെ ആളുകളിൽനിന്നായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നു ണ്ടെങ്കിലും ചിലരിൽനിന്നുള്ള എതിർപ്പ് പ്രതിസന്ധിയാണ്.വലിയപറപ്പൂർ കായലോരം റോഡ് നിർമാണത്തിന് കുറ്റിപ്പുറം പഞ്ചായത്ത് നൽകിയ അപേക്ഷയിൽ റെയിൽവേ അധികൃതർ അനുകൂല നിലപാടെടുത്തിട്ടുണ്ട്.
വഴിയൊരുക്കുന്നത് വിനോദസഞ്ചാര സാധ്യതകളിലേക്ക്:റോഡ് നിർമിക്കുന്നത് വലിയ പറപ്പൂർ കായലിലെ താമരക്കൃഷിക്കും ഗുണകരമാകും. റോഡ് വരുന്നതോടുകൂടി ഒട്ടേറെ വിനോദസഞ്ചാര സാധ്യതകൾക്കാണ് വഴിയൊരുങ്ങുന്നതെന്നു നാട്ടുകാർ പറയുന്നു. കായലോര ത്ത് താമരപ്പൂക്കളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെ യുള്ള ആശയങ്ങൾ നടപ്പാക്കാം. ഇരിപ്പിടങ്ങളൊരുക്കി വിനോദസഞ്ചാരികളെയുൾപ്പെടെ ആകർഷിക്കാവുന്ന ഇടമാക്കി പ്രദേശത്തെ മാറ്റിയെടുക്കാമെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.

