പൊന്നാനി : ശബ്ദകോലാഹലങ്ങൾ കെട്ടടങ്ങി. ഇനി നിശ്ശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകൾ. കൊട്ടും പാട്ടും നൃത്തവുമായി ശബ്ദപ്രചാരണത്തിന്റെ അവസാനം ആഘോഷമാക്കി പാർട്ടി പ്രവർത്തകർ.നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് അനുമതിയുണ്ടായിരുന്നില്ല. വാർഡുതലത്തിലായിരുന്നു കൊട്ടിക്കലാശം. ചില സ്ഥലങ്ങളിൽ ഒരേയിടത്ത് വിവിധ പാർട്ടികൾ ഒരുമിച്ചെത്തിയെങ്കിലും പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.രാവിലെമുതൽ സ്ഥാനാർഥികളുടെ റോഡ് ഷോയും കാൽനടജാഥയുമെല്ലാം ഉണ്ടായി. ബൈക്ക് റാലികളും അലങ്കരിച്ച വാഹനങ്ങളും വാദ്യഘോഷങ്ങളും കൊടിതോരണങ്ങളും കലാശക്കൊട്ടിന് ഉത്സവച്ഛായ നൽകി. സ്ഥാനാർഥി കളെ തുറന്ന വാഹനത്തിൽ വാർഡുകളിൽ ആനയിച്ചാണ് ചിലർ കലാശക്കൊട്ട് കൊഴുപ്പിച്ചത്. ഹാട്രിക് ഭരണം ലക്ഷ്യമിട്ടാണ് എൽഡിഎഫ് നഗരസഭയിൽ തിരഞ്ഞെടുപ്പുരംഗത്തുള്ളത്. കൈവിട്ട ഭരണം ഇത്തവണ തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. പതിനഞ്ചോളം സീറ്റുകൾ ലക്ഷ്യംവെച്ചാണ് ബിജെപിയുടെ പോരാട്ടം.
എടപ്പാൾ : തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിന്റെ രണ്ടാഴ്ചനീണ്ട ചൂടുപിടിച്ച പ്രചാരണ കോലാഹലങ്ങൾ എടപ്പാൾ, വട്ടംകുളം മേഖലകളിൽ നിശബ്ദമായി സമാപിച്ചു. കാര്യമായ ശബ്ദകോലാഹലങ്ങളില്ലാതെ അതത് വാർഡുതലങ്ങളിലും രണ്ടോ മൂന്നോ വാർഡുകൾ കേന്ദ്രീകരിച്ചുമായിരുന്നു കൊട്ടിക്കലാശം. നേരത്തെ പോലീസ് വിളിച്ച യോഗത്തിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.എടപ്പാൾ പഞ്ചായത്തിൽ യുഡിഎഫ് അംശക്കച്ചേരിയിലും എൽഡിഎഫ് പൂക്കരത്തറയിലും ചെറിയ രീതിയിൽ കലാശം നടത്തി. ബിജെപി വിവിധ വാർഡുകളുടെ കലാശം പെരുമ്പറമ്പിൽ നടത്തി. വട്ടംകുളത്ത് ചില വാർഡുകൾ കേന്ദ്രീകരിച്ച് പ്രകടനവും റാലികളും നടന്നു. ബിജെപി നടത്തിയ പഞ്ചായത്തുതല ബൈക്ക് റാലി വട്ടംകുളത്തുനിന്നാരംഭിച്ച് നടുവട്ടത്ത് സമാപിച്ചു.
എരമംഗലം : തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച മുന്നണികളുടെ ശക്തിപ്രകടനത്തിന്റെ വേദിയായി മാറുകയായിരുന്നു വിവിധയിടങ്ങളിൽ നടന്ന കൊട്ടിക്കലാശം. എരമംഗലം സെന്ററിൽ നടന്ന കൊട്ടിക്കലാശത്തിൽ യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും നേർക്കുനേർ എത്തിയത് ചെറിയരീതിയിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാക്കി. നേതാക്കളുടെ അവസരത്തിനൊത്ത ഇടപെടൽ സംഘർഷം ഒഴിവാക്കി.പലയിടങ്ങളിലും മുന്നണികൾ പ്രദേശികകേന്ദ്രങ്ങളിലാണ് കൊട്ടിക്കലാശം നടത്തിയത്. ഇതിനുപുറമേ എരമംഗലം, വെളിയങ്കോട്, പെരുമ്പടപ്പ്, പാലപ്പെട്ടി, മാറഞ്ചേരി, കരിങ്കല്ലത്താണി, പുറങ്ങ് കുണ്ടുകടവ്, പരിച്ചകം എന്നിവിടങ്ങളിൽ വലിയരീതി യിലുള്ള ആഘോഷങ്ങളാണ് നടന്നത്. എരമംഗലത്തെ കൊട്ടിക്കലാശത്തിൽ പ്രചാരണവാഹന ത്തിൽ അനൗൺസറായി എൽഡിഎഫ് പത്താം വാർഡ് സ്ഥാനാർഥി നവാസ് നാക്കോല എത്തിയത് പ്രവർത്തകരിൽ ആവേശമുണ്ടാക്കി. കൊട്ടിക്കലാശങ്ങൾ സമാധാനപരമായി നടത്താൻ പോലീസിന്റെയും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ നേതാക്കളുടെയും ജാഗ്രത സഹായകമായി.

