Breaking
Wed. Jun 17th, 2026

എടപ്പാൾ: ജലജീവൻ പദ്ധതിയുടെ ഭാഗമായി എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി, ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിലായി പൊളിച്ചിട്ടതു നൂറുകണക്കിന് റോഡുകൾ. ഗ്രാമീണ റോഡുകൾക്ക് പുറമേ സംസ്ഥാനപാത ഉൾപ്പെടെ പ്രധാന റോഡുകൾ ഭൂരിഭാഗവും തകർച്ചയിലാണ്. പുതിയതായി കോൺക്രീറ്റ് ചെയ്ത റോഡുകൾക്കു നടുവിലൂടെ വരെ പൈപ്‌ ലൈൻ സ്ഥാപിക്കാനായി നെടുകെ കീറി. ഇതോടെ റോഡുകളുടെ തകർച്ച പൂർണമായി. പലതും പിന്നീട് കോൺക്രീറ്റ് ചെയ്തെങ്കിലും പൂർവ സ്ഥിതിയിലാക്കിയിട്ടില്ല.. മറ്റു പലയിടത്തും റോഡരിക് പൊളിച്ച ശേഷം മണ്ണിട്ട് നികത്തി കരാറുകാർ തടിതപ്പി.ശേഷിക്കുന്ന റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. പൊളിച്ച ഭാഗത്തെ മണ്ണ് മഴയിൽ ഒലിച്ചു പോയി വലിയ കുഴികളായി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നു പോകുമ്പോൾ ചക്രം കുഴിയിൽ താഴ്ന്ന് അപകടം സംഭവിക്കുന്നതും നിത്യ സംഭവമാണ്. റോഡുകളുടെ പകുതി ഭാഗത്തെ ടാറിങ് പൊളിഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സ്ഥിതി. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടത് അവരുടെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കയ്യൊഴിയുന്നു. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ച ശേഷം പൂ‍ർവ സ്ഥിതിയിൽ ആക്കേണ്ടത് ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കരാറുകാരുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് പലയിടത്തും ബോർഡുകൾ സ്ഥാപിച്ചാണ് തടിയൂരിയത്.

ആളുകൾ നിരന്തരം പരാതിയുമായി എത്തുമ്പോൾ തദ്ദേശ സ്ഥാപന മേധാവികൾ ജല അതോറിറ്റി അധികൃതരുടെ അടുത്തെത്തി പരാതി ബോധിപ്പിക്കും. ഉടൻ ശരിയാക്കാം എന്ന മറുപടി കേട്ട് ഇവർ മടങ്ങും. കരാറുകാർക്ക് കോടികളുടെ കുടിശിക ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ജോലികളിൽ നിന്ന് വിട്ടു നൽകുന്നത്. റോഡുകൾ എന്ന് നന്നാക്കും എന്നതിന് ബന്ധപ്പെട്ടവർക്ക് കൃത്യമായ മറുപടിയില്ല. ശേഷിക്കുന്ന റോഡുകൾ ഇനിയും പൊളിക്കാനുണ്ട്. ഇതുകൂടി പൊളിച്ചു മാറ്റുന്നതോടെ ഈ മേഖലകളിലൂടെയുള്ള ഗതാഗതവും തീർത്തും ദുഷ്കരമാകും. സംസ്ഥാനപാതയിലെ പലയിടത്തും കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാനായി റോഡരികുകൾ പൊളിച്ചതിനാൽ വൻ അപകടം പതിയിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി എടുത്ത ആഴമേറിയ കുഴികൾ പലതും നികത്തിയിട്ടുമില്ല. പൊളിച്ചിട്ട റോഡിൽ പലയിടത്തും മെറ്റൽ പാകിയിട്ടുണ്ടെങ്കിലും മഴയിൽ ഇവയെല്ലാം ഒലിച്ചുപോയി.

തൃശൂർ റോഡിൽ കണ്ണഞ്ചിറയിൽ മെറ്റൽ റോഡിൽ പരന്ന് യാത്രക്കാർ വീണ സംഭവങ്ങളും ഉണ്ടായി. നിലവിൽ റോഡിന്റെ വശങ്ങളിൽ ആഴമേറിയ ഗർത്തങ്ങളാണ്. രാത്രി സഞ്ചരിക്കുന്ന വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത് പതിവു കാഴ്ചയാണ്. എടപ്പാളിലെ ജലഅതോറിറ്റി അതോറിറ്റി ഓഫിസിൽ ഒട്ടേറെ തവണയാണ് ജനങ്ങൾ പ്രതിഷേധിച്ചെത്തി എഇ ഉൾപ്പെടെയുള്ളവരെ തടഞ്ഞു വച്ചത്. ഒട്ടേറെ സമരപരമ്പരകളും അരങ്ങേറി. പരാതികൾ വ്യാപകമാകുമ്പോൾ  പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിക്കുമെന്നല്ലാതെ ശാശ്വത പരിഹാരം ഇനിയും അകലെയാണ്. ∙ പദ്ധതിക്കായി എത്തിച്ച് റോഡോരങ്ങളിൽ കൂടിക്കിട ക്കിടന്ന് നശിക്കുന്നത് കോടിക്കണക്കിന് രൂപയുടെ പൈപ്പുകളും മറ്റ് ഉപകരണങ്ങളും. ഇവ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന മേധാവികൾ നോട്ടിസ് നൽകിയിട്ടും ഫലമില്ല. ഇതേക്കുറിച്ച് നാളെ.

Related Post

Leave a Reply

Your email address will not be published. Required fields are marked *