Breaking
Wed. Jun 17th, 2026

എടപ്പാൾ : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 2022ൽ ആരംഭിച്ച ജല ജീവൻ പദ്ധതി ഇനിയും പൂർത്തിയായില്ല. എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി, ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് 4 വർഷം മുൻപ് പദ്ധതി തുടങ്ങിയത്. 2024 മാർച്ചിൽ പദ്ധതി കമ്മിഷൻ ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. പിന്നീട് കഴിഞ്ഞ വർഷം മാർച്ചിൽ തീർക്കുമെന്ന് അറിയിച്ചെ ങ്കിലും അതും നടന്നില്ല. ഇതുവരെ 35,000 വീടുകളിലേക്ക് കണക്‌ഷൻ നൽകിയിട്ടുണ്ട്. ശേഷിക്കു ന്നവ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സഹകരണ ത്തോടെയാണ് കേരളത്തിലുടനീളം ജലജീവൻ പദ്ധതിക്ക് തുടക്കമിട്ടത്.

50 ശതമാനം തുക കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം അതത് പഞ്ചായത്തുകളും 10 ശതമാനം ഗുണഭോക്താവും വഹിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തത്. സംസ്ഥാന സർക്കാർ വിഹിതം ആദ്യഘട്ടത്തിൽ കൃത്യമായി ലഭിച്ചിരുന്നെങ്കിലും പിന്നീട് തടസ്സപ്പെട്ടു. പഞ്ചായത്തുകളും കൃത്യമായി തുക വിനിയോഗിക്കാൻ സന്നദ്ധരാകുന്നില്ല. 10 ശതമാനം ഗുണഭോക്തൃ വിഹിതം നൽകാൻ ഗുണഭോക്താക്കളും ഒരുക്കമല്ല. ഇതോടെ കരാറുകാർക്ക് കോടികളുടെ കുടിശ്ശികയായി. ഇതോടെ പലയിടത്തും സമയബന്ധിതമായി ജോലികൾ പുരോഗമിക്കുന്നില്ല.

‌സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പദ്ധതി ഇഴഞ്ഞതോടെ നബാർഡിൽ നിന്ന് 10 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഈ തുക വിനിയോഗിച്ച് ജോലികൾ പൂർത്തീകരിക്കാനാണ് ശ്രമം. 3 ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ആദ്യഘട്ടത്തിൽ പൈലറ്റ് പ്രൊജക്ട് ആയി തുടങ്ങിയ പദ്ധതി പിന്നീട് വ്യാപിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ഒരു വാർഡിൽ 10 കണക്‌ഷനുകൾ വീതമാണ് നൽകിയിരുന്നത്. പഴയ ലൈനിൽ നിന്നു തന്നെ ഇതിനായി കണക്‌ഷൻ നൽകി. ഇത് സമയബന്ധിതമായി പൂർത്തീകരിക്കാനായി.

രണ്ടാം ഘട്ടത്തിൽ ഓരോ പഞ്ചായത്തിലും നൂറുകണക്കിന് കണക്‌ഷനുകൾ വീതം നൽകുക യായിരുന്നു. പൈപ്പ് കണക്‌ഷൻ ആവശ്യം ഉള്ളവർക്കും ഇല്ലാത്തവർക്കും നിബന്ധനകൾ ഇല്ലാതെ കണക്‌ഷനുകൾ നൽകിയതോടെ കാര്യങ്ങൾ പിടിവിട്ടു. കൃത്യമായി വെള്ളം ലഭിച്ചില്ലെങ്കിലും ബില്ലുകൾ കൃത്യമായി ലഭിച്ചതോടെ ഗുണഭോക്താക്കൾ പരാതിയുമായി രംഗത്തെത്തി. വെള്ളം ലഭിക്കാത്തവർ ബിൽ അടയ്ക്കേണ്ടതില്ല എന്ന നിർദേശം നൽകിയാണ് അധികൃതർ തടിതപ്പിയത്.

പമ്പിങ്ങിനായി അഞ്ചിടങ്ങളിൽ കൂറ്റൻ ടാങ്കുകൾ:നേരത്തെ ഭാരതപ്പുഴയിലെ ഡാനിഡ ശുദ്ധജല പദ്ധതി പ്രദേശത്ത് നിന്നാണ് ഈ ഭാഗങ്ങളിലേക്ക് ശുദ്ധജലം എത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ അടിക്കടി തകരുന്നതും വേനൽ എത്തും മുന്നേ പുഴയിലെ ജലനിരപ്പ് താഴുന്നതും മൂലം പദ്ധതി പ്രതിസന്ധിയിലായി. പുതിയ പദ്ധതി പ്രകാരം ചമ്രവട്ടം നരിപ്പറമ്പിലെ പമ്പിങ് സ്റ്റേഷനിൽ നിന്നാണ് ഇവിടങ്ങളിലേക്കുള്ള ശുദ്ധജലം എത്തിക്കുക. ഇതിനായുള്ള ജോലികളെല്ലാം ഏറെക്കുറേ പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ ഇതിനായി 5 കൂറ്റൻ ടാങ്കുകളാണ് നിർമിച്ചിട്ടുള്ളത്.

കണ്ടനകം ഐഡിടിആറിന് സമീപം ഗ്രൗണ്ട് ലെവലിൽ 38 ലക്ഷം ലീറ്ററിന്റെയും ഉയർന്ന ലെവലിൽ 35 ലക്ഷത്തിന്റെയും 2 ടാങ്കുകളുടെ നിർമാണം പൂർത്തീകരിച്ചു. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം 25 ലക്ഷം ലീറ്ററിന്റെയും ടാങ്ക് നിർമിച്ചു. കോക്കൂരിൽ 15 ലക്ഷം ലീറ്ററിന്റെ മറ്റൊരു ടാങ്ക് ഇനിയും നിർമിക്കാനുണ്ട്.കൂരടയിലുള്ള ടാങ്കിലേക്കാണ് നരിപ്പറമ്പിൽ നിന്നും ശുദ്ധീകരിച്ച് ആദ്യം വെള്ളം എത്തിക്കുക. ഇവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് പമ്പിങ് നടത്തുന്നത്. എടപ്പാൾ വെങ്ങിനിക്കരയിലെ ജല അതോറിറ്റിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലെ ടാങ്കിലേക്കും വെള്ളം എത്തിച്ച് വിതരണം ചെയ്യും. പിന്നീട് ആവശ്യമില്ലെന്ന് കണ്ടാൽ ഇത് പൊളിച്ചു നീക്കാനും പദ്ധതിയുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *