ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി കൂടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഈയൊരു സാഹചര്യത്തിൽ രോഗവ്യാപനത്തെയും രോഗപ്രതിരോധത്തെയും വരുതിയി ലാക്കാൻ പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി.
രോഗം പകരുന്നതെങ്ങനെ?:ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം). തലച്ചോറിനെയാണ് ഇത് ബാധിക്കുക.
രോഗലക്ഷണങ്ങൾ?:തീവ്രമായ പനിക്കുശേഷം വരുന്ന അസ്വാഭാവികമായ പെരുമാറ്റം, ബോധക്ഷയം, ഛർദി, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം കൂടിയാൽ തലച്ചോറിൽ നീർക്കെട്ട്, അപസ്‌മാരം തുടങ്ങിയ ഗുരുതര അവസ്ഥയിലേക്കു പോകാനും 20 മുതൽ 30 ശതമാനം പേർക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ട്.
രോഗപരിശോധന എങ്ങനെ?:തലച്ചോറിലെ സ്രവത്തിലും രക്തത്തിലും ആന്റിബോഡി പരിശോധന നടത്തിയാണ് രോഗനിർണയം നടത്തുന്നത്. അപസ്‌മാരം പോലെയുള്ള ലക്ഷണവുമായെത്തുന്ന രോഗികളിൽനിന്നുള്ള സ്രവപരിശോധന പ്രയാസമേറിയതാണ്.
ഏതൊക്കെ ഇടങ്ങളിലാണ് രോഗസാധ്യത കൂടുതൽ?:തീരപ്രദേശങ്ങളിൽ രോഗസാധ്യത കൂടുതലായി കണ്ടുവരുന്നുണ്ട്. വെള്ളക്കെട്ടുകളും മറ്റും കൂടുതൽ ഉള്ളതുകൊണ്ടുതന്നെ കൊതുക് വളരാനുള്ള സാധ്യത ഇവിടെ കൂടുതലാണ്. ദേശാടനക്കിളികളുടെ സാന്നിധ്യം സാധ്യത വർധിപ്പിക്കുന്നു. കുളക്കോഴികളിലും നീർകാക്കകളിലും കന്നുകാലികളുടെ പുറത്ത് വന്നിരിക്കുന്ന വിവിധ പക്ഷികളിലും ഇത്തരം വൈറസുകളുടെ സാന്നിധ്യമുണ്ട്. ഇവയിൽനിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പടരുന്നു. പക്ഷികളിൽനിന്ന് രോഗം നേരിട്ട് പകരുകയില്ല. പക്ഷികളിൽനിന്ന് കൊതുകുകളിലൂടെ മാത്രമേ പകരൂ.
ആരെയാണ് രോഗം കൂടുതൽ ബാധിക്കുക?:ഒരുവയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. ഇതിൽത്തന്നെ ഒന്നുമുതൽ അഞ്ചുവരെ പ്രായമുള്ള കുട്ടികൾക്ക് കൂടുതൽ ഗുരുതരമാകും.
ചികിത്സാരീതി എങ്ങനെയാണ്?:രോഗത്തിന് പ്രത്യേക ആൻറി വൈറൽ ചികിത്സയില്ല. പ്രതിരോധ കുത്തിവെപ്പിലൂടെയാണ് രോഗത്തെ പ്രതിരോധിക്കുന്നത്. രോഗലക്ഷണ ങ്ങൾക്കനുസരിച്ച് ചികിത്സ നൽകും.രോഗം മാറുന്നവരിൽ 30-50 ശതമാനം ആളുകൾക്ക് ശാരീരികമായോ നാഡീസംബന്ധമായോ എന്തെങ്കിലും തകരാറുണ്ടാകും. ഇത്തരക്കാർക്ക് ആവശ്യമായ ശാരീരിക-മാനസിക പരിചരണം നൽകും.
ചികിത്സ എവിടെനിന്ന് ലഭിക്കും?:മലപ്പുറം ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ മെഡിക്കൽ കോളേജിലും തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രികളിലും ചികിത്സ ലഭിക്കും.
രോഗം തടയാനുള്ള മുൻകരുതലുകൾ?:പ്രതിരോധ വാക്‌സിൻ എടുക്കുക. പരമാവധി കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക. കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. പാടം, വെള്ളക്കെട്ടുകൾ, കുളങ്ങൾ എന്നിവിടങ്ങളിലേക്കു പോകുമ്പോൾ ശരീരം മറയുന്നതരം വസ്ത്രങ്ങൾ ഉപയോഗിക്കുക. ലക്ഷണങ്ങൾ കണ്ടയുടൻ മെഡിക്കൽ കോളേജിലോ ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രികളിലോ ചികിത്സതേടുക.

