എടപ്പാൾ : പ്രതിസന്ധികളെ മറികടന്ന് നങ്ങ്യാർകൂത്തിൽ മൂന്നാം തവണയും എഗ്രേഡ് നേടി അഞ്ജല. കഴിഞ്ഞ ദിവസം തൃശൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നടന്ന നങ്ങ്യാർകൂത്ത് മത്സരത്തിൽ ആണ് കലയ്ക്ക് മതമില്ലെന്ന സത്യം ഊട്ടിയുറപ്പിച്ച് അഞ്ജല ക്ഷേത്രകല അവതരിപ്പിച്ച് നേട്ടങ്ങൾ കൊയ്തത്. കുമ്പിടി സ്വദേശിനിയായ ചോലക്കൽ റഹീനയുടെ മകളാണ് ഈ മിടുക്കി.
കഴിഞ്ഞ 2 വർഷവും സ്കൂളിലെ അധ്യാപകർ പണം കണ്ടെത്തിയാണ് നങ്ങ്യാർകൂത്ത് അഭ്യസിപ്പിച്ച് വേദിയിലെത്തിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാതാവ് റഹീനയുടെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ കലയോടുള്ള അടങ്ങാത്ത അഭിനിവേശം തടസ്സങ്ങളെയെല്ലാം തരണം ചെയ്യാൻ കരുത്തേകി. കലാമണ്ഡലം സംഗീതയുടെ ശിക്ഷണത്തിൽ ആണ് നങ്ങ്യാർകൂത്ത് അഭ്യസിക്കുന്നത്. അതേസമയം ഒരുവർഷം കൂടി കഴിഞ്ഞാൽ സ്കൂൾ കാലഘട്ടം അവസാനിക്കും.
ഇതോടെ ഏറെ ഇഷ്ടപ്പെടുന്ന നൃത്തപഠനം അവസാനിക്കുമെന്ന ആശങ്കയാണ് അഞ്ജലയ്ക്ക്. അടുത്ത വർഷവും മത്സരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ, സാമ്പത്തികം വിലങ്ങുതടിയാകുമോ എന്ന ആശങ്കയിലാണ് ഈ അമ്മയും മകളും.

