Breaking
Thu. Feb 26th, 2026

ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല.

വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ് ജിഹാദ് ഇരകളെന്ന പേരില്‍ ഉത്തരേന്ത്യക്കാരെ കൊണ്ടുവന്ന് അണിയറ പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളന ത്തില്‍ 37 ഇരകളെയാണ് അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇവരിലാരും തന്നെ മലയാളികളായി ഉണ്ടായിരുന്നില്ല. ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളെ സംസാരിക്കാനും അനുവദിച്ചിരുന്നില്ല.കേരളവുമായി എന്ത് ബന്ധമാണ് സിനിമയ്ക്കുള്ളതെന്ന് ചോദിച്ചപ്പോള്‍ കേരളവുമായി ബന്ധപ്പെട്ട കഥയല്ലെന്നും സത്യം നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നുമായിരുന്നു സംവിധായകന്‍ കാമാഖ്യാ നാരായണ്‍ സിങിന്റെ മറുപടി. കേരളത്തില്‍ നിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നാ യിരുന്നു ന്യായീകരണം.

കേരളത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇരകള്‍ക്ക് നീതി കിട്ടാനാണ് സിനിമ ചെയ്യുന്നതെന്നും നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ പറഞ്ഞു. ആദ്യം മാധ്യമ പ്രവര്‍ത്തക രുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ സംസാരിക്കാന്‍ തയ്യാറായി. അഞ്ച് മിനുറ്റ് മാത്രമാണ് നിര്‍മാതാവും സംവിധായകനും സംസാരിച്ചത്.കേരളത്തില്‍ നിന്നുള്ള ഇരകള്‍ വേദിയിലില്ലാത്തത് ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മറുപടി കേരളത്തില്‍ നിന്നുള്ള കഥയല്ല സിനിമ പറയുന്നതെന്നായിരുന്നു. ചോദ്യങ്ങള്‍ കടുത്തതോടെ നിര്‍മാതാവും സംവിധായകനും കുപിതരായി. സത്യം അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ലെന്നും കേരളത്തില്‍ നിന്നുള്ള ഇരകളുടെ വിഡിയോ യൂട്യൂബില്‍ ലഭ്യമാണെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങളുമായി വളഞ്ഞതോടെ അണിയറ പ്രവര്‍ത്തകര്‍ വേദി വിടുകയായിരുന്നു.

ഈ മാസം 27 നാണ് കേരള സ്റ്റോറി 2തിയേറ്ററിലെത്തുന്നത്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. സംവിധായകന്‍ അനുരാഗ് കശ്യപ് കേരള സ്റ്റോറി 2 പ്രൊപ്പഗാണ്ടയാണെന്ന് വിമര്‍ശിച്ചിരുന്നു. നടന്‍ പ്രകാശ് രാജും ചിത്രത്തിനെതിരെ രംഗത്തെത്തിയവരിലുണ്ട്. ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *