Breaking
Mon. Aug 17th, 2026

‘മനസ്സിനെ ഏറെ സ്വാധീനിച്ച ഇടം’; തിരഞ്ഞെടുപ്പിന്റെ ക്ഷീണം മറ്റാൻ ഭൂട്ടാൻ സന്ദർശിച്ച് കെ.ടി.ജലീൽ; ഒപ്പം പരമ്പരാഗത അമ്പെയ്ത്ത് പരിശീലനവും

എട‌പ്പാൾ : തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് അവധി നൽകി കെ.ടി.ജലീൽ എംഎൽഎ ഭൂട്ടാൻ സന്ദർശനത്തിൽ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഭൂട്ടാൻ സന്ദർശനത്തിനായി പുറപ്പെട്ടത്. തവനൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.ടി.ജലീൽ തിരഞ്ഞെടുപ്പു തിരക്കുകളുടെ ക്ഷീണം മറികടക്കാനാണ് മാനസിക ഉല്ലാസത്തിനായി കുറച്ചു ദിവസം നാട്ടിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. കരിപ്പൂരിൽ നിന്ന് വിമാന മാർഗം ബെംഗളൂരു വഴി ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിൽ എത്തിയ ശേഷം റോഡ് മാർഗമാണ് ഭൂട്ടാനിൽ എത്തിയത്. തുടർന്ന് നാലു മണിക്കൂർ കാട്ടിലൂടെ യാത്ര ചെയ്ത് ഭൂട്ടാനിലെ ഇന്ത്യൻ അതിർത്തി പട്ടണമായ ജയ്ഗോണിൽ എത്തിച്ചേർന്നു. ടൂറിസ്റ്റ് ഗൈഡിന്റെ സഹായത്തോടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ നേപ്പാളിൽ ഇത്തരത്തിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് തീരുമാനിച്ചതാണ് ഭൂട്ടാൻ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. പൂർണമായും കരയാൽ ചുറ്റപ്പെട്ട, ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള രാജ്യമാണ് ഭൂട്ടാൻ. 70 ശതമാനത്തിലധികവും വനമാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ ആണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. മലനിരകളിൽ അതിശൈത്യവും, താഴ്ന്ന പ്രദേശങ്ങളിൽ മിതമായ കാലാവസ്ഥയുമാണ് ഇവിടെയുള്ളത്. മനസ്സിനെ ഏറെ സ്വാധീനിച്ച ഒരിടമാണ് ഭൂട്ടാനെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 30ന് തിരികെ നാട്ടിലെത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *