ഇനി സിപിഎം സഹയാത്രികൻ മാത്രമല്ലെന്ന് സ്ഥിരീകരിച്ച് മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ. താനും പങ്കാളിയും പാർട്ടി അംഗത്വം എടുക്കുന്നുവെന്ന് കെ.ടി ജലീൽ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തന്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സിപിഎമ്മെന്നും 2006ൽ തുടങ്ങിയ ആത്മബന്ധം രണ്ട് പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ലെന്നും കെ.ടി ജലീൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം വലതുപക്ഷ പിന്തിരിപ്പൻമാരാൽ എതിർക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ-സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാർട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധം കൂടിയാണ് സിപിഎമ്മിൽ അംഗത്വമെടുക്കാനുള്ള തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ഇനി സഹയാത്രികനല്ല പാർട്ടിയുടെ ഭാഗം എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ: പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാർശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി 4 പ്രാവശ്യം എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമാക്കിയ പാർട്ടിയോട് എക്കാലവും ഞാൻ കടപ്പെട്ടിരിക്കും.

