Breaking
Sat. Jul 25th, 2026

‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

താന്‍ പാറ്റ എന്ന് വിളിച്ചത് രാജ്യത്തെ യുവാക്കളെ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് താന്‍ പാറ്റകളെന്ന് വിളിച്ചതെന്നും രാജ്യത്തെ യുവാക്കളോട് തനിക്ക് വലിയ ബഹുമാനമാണെന്നും സൂര്യകാന്ത് വിശദീകരിച്ചു. ‘വ്യാജ നിയമബിരുദ ധാരികളുടെ വിഷയം നേരത്തെ തന്നെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ ബിരുദമുപയോഗിച്ച് പിന്‍വാതിലിലൂടെ ഈ തൊഴില്‍മേഖലയിലേക്ക് കടന്നുവന്ന അഭിഭാഷകരെക്കുറിച്ചായിരുന്നു ആ പരാമര്‍ശം. വ്യാജ നിയമബിരുദങ്ങളും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതുമായിരുന്നു വിഷയം. ആ സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞത്’ സൂര്യകാന്ത് പറഞ്ഞു.

തന്നെ കാണാനായി നിരവധി യുവാക്കള്‍ വരാറുണ്ടെന്നും അവരില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് താന്‍ മുന്നോട്ടുപോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ വാതിലുകള്‍ എപ്പോഴും രാജ്യത്തെ ഓരോ പൗരനും വേണ്ടി തുറന്നിട്ടിരിക്കുകയാണെന്നും ഭരണഘടനാ തത്വങ്ങളും രാജ്യത്തെ നിയമവും അനുവദിക്കുന്നതനുസരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും സൂര്യകാന്ത് പറഞ്ഞു. മെയ് പതിനഞ്ചിന് രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ഒടുവിലത് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിക്കുന്നതിലേക്ക് എത്തുകയുമായിരുന്നു. യുവാക്കള്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളോ ആര്‍ടിഐ പ്രവര്‍ത്തകരോ ആയി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും അവര്‍ സമൂഹത്തിലെ പാറ്റകളെപ്പോലെയും പരാന്നഭോജികളെപ്പോലെയും ആണ് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *