പൊന്നാനി : ഗതാഗത രംഗത്തു കുതിച്ചുമുന്നേറാൻ പിറവിയെടുത്ത തീരദേശത്തിന്റെ കുഞ്ഞായിരുന്നു അന്ന് ചമ്രവട്ടം പാലം. അധികാരത്തോടെ ഇടിച്ചു കയറിവന്ന് ആ കുഞ്ഞിനെ ജില്ലയിലെ കെഎസ്ആർടിസി അങ്ങ് ഏറ്റെടുത്തു. ചമ്രവട്ടം പാലം റൂട്ട് ദേശസാൽക്കരിച്ചു. അതോടെ ആ കുഞ്ഞിന്റെ വളർച്ച നിലച്ചു. കെഎസ്ആർടിസിയല്ലാതെ മറ്റൊരു ബസ് സർവീസും ഇൗ റൂട്ടിൽ അനുവദിച്ചില്ല. മണിക്കൂറുകൾ കാത്തിരുന്നാലും ബസ് വരാത്ത അവസ്ഥയിലേക്ക് ഇൗ റൂട്ടിനെ മാറ്റി യാത്രക്കാരെ കെഎസ്ആർടിസി ചതിച്ചു. യാത്രക്കാർക്ക് ഇപ്പോൾ ഇൗ റൂട്ടിനെ വിശ്വാസമില്ലാതായി. പൊന്നാനിയിൽനിന്ന് ചമ്രവട്ടം പാലം വഴി തിരൂരിലേക്കുള്ള ബസ് സർവീസ് പൂർണമായി തകിടം മറിഞ്ഞ അവസ്ഥയിലേക്കെത്തി.
വികസനം അട്ടിമറിച്ചതാര്?
ജില്ലയിൽ ചമ്രവട്ടം പാലം തുറന്നിട്ട ഗതാഗത സാധ്യതയെ തകിടം മറിച്ചതാര് എന്ന ചോദ്യത്തിന് റൂട്ടിലെ പതിവ് യാത്രക്കാർക്ക് ഒറ്റ ഉത്തരമേയുള്ളൂ– ‘കെഎസ്ആർടിസി’. 150 കോടി രൂപ ചെലവഴിച്ച് ചമ്രവട്ടം പാലം യാഥാർഥ്യമാക്കിയപ്പോൾതന്നെ റൂട്ട് ദേശസാൽക്കരിച്ച കെഎസ്ആർടിസി ഒരിക്കൽ പോലും സമയക്രമം പാലിച്ച് ഓടിയിട്ടില്ല. സർവീസുകൾ വെട്ടിച്ചുരുക്കിയും സമയം തെറ്റിച്ച് ഓടിയും യാത്രക്കാരെ പരമാവധി പെരുവഴിയിൽ നിർത്തി. ഇൗ റൂട്ടിൽ ഓടിയിരുന്ന മുഴുവൻ സർവീസുകളും ലാഭകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും സർവീസുകൾ വെട്ടിച്ചുരുക്കിയത് എന്തിനെന്ന് വ്യക്തമല്ല. റൂട്ട് ദേശസാൽക്കരി ക്കുമ്പോൾ ഓരോ 5 മിനിറ്റ് ഇടവേളയിലും ബസ് ഓടിക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ആർക്കു വേണ്ടിയാണ് ഇത് മാറ്റിയതെന്ന ചോദ്യം ഇപ്പോൾ ശക്തമായിരിക്കുകയാണ്.
കെഎസ്ആർടിസി അറിയുന്നുണ്ടോ…
കൃത്യസമയത്ത് സ്കൂളിലും കോളജിലുമെത്താൻ കഴിയാത്ത വിദ്യാർഥികൾ, അധ്യാപകർ, പൊന്നാനി, തിരൂർ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിനു പതിവുയാത്രക്കാർ, ജില്ലാ ആശുപത്രിയിലേക്കു പോകുന്നവർ, പൊന്നാനിയിലെ മാതൃശിശു ആശുപത്രിയിലേക്ക് എത്തുന്നവർ അങ്ങനെ ആയിരക്കണക്കിനു പേരാണ് ഓരോ ദിവസവും ദുരിതമനുഭവിക്കുന്നത്. രാവിലെ ഓർഡിനറി ബസുകൾക്കും ടൗൺ ടു ടൗൺ ബസുകൾക്കുമൊന്നും സമയക്രമം പാലിച്ച് ഓടാൻ കഴിയുന്നില്ല. സ്കൂൾ സമയങ്ങളിൽ പോലും 40 മിനിറ്റോളം ഇടവേളയിലാണ് ബസ്. വിദ്യാർഥികൾ ഉൾപ്പെടെ പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിലെത്തി പരാതി നൽകിയിട്ടും ഡിപ്പോ അധികൃതർ അനങ്ങിയിട്ടില്ല. ഉള്ള സർവീസുകൾ തോന്നിയപടി ഓടിക്കുന്നുവെന്നല്ലാതെ യാത്രക്കാരുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണാൻ കെഎസ്ആർടിസി ശ്രമിക്കുന്നില്ലെന്നാണ് പരാതി.
ഒരു യാത്രക്കാരന്റെ അനുഭവക്കുറിപ്പ്
ഞാൻ കാസർകോട്ട് ജോലി ചെയ്തിരുന്നയാളാണ്. ഇപ്പോൾ കോഴിക്കോട് ലോ കോളജിലെ വിദ്യാർഥിയാണ്. വെളിയങ്കോട്ടാണ് എന്റെ വീട്. കാസർകോട്ടുനിന്ന് തിരൂരിലെത്താൻ എടുക്കുന്നതിനെക്കാൾ ഇരട്ടി സമയം വേണം തിരൂരിൽനിന്ന് പൊന്നാനിയിലേക്ക് എത്താൻ. രാത്രി എട്ട് കഴിഞ്ഞാൽ പിന്നെ തിരൂരിൽനിന്ന് പൊന്നാനിയിലേക്കു ബസില്ല.മണിക്കൂറുകളോളം തിരൂർ ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. വല്ലപ്പോഴും പൊന്നാനിയിലേക്കുള്ള ബസ് സ്റ്റാൻഡിലേക്ക് അടുക്കുമ്പോൾ ബസ് നിറഞ്ഞുകവിഞ്ഞിട്ടുണ്ടാകും. ഡോറിൽ തൂങ്ങിയും ആളുകൾ നിൽക്കുന്നുണ്ടാകും. സ്റ്റാൻഡിലാണെങ്കിൽ 3 ബസിലേക്കു കയറാനുള്ള യാത്രക്കാർ കാത്തുനിൽക്കുന്നുമുണ്ടാകും. ഇടിച്ചുകയറാൻ കഴിയുന്നവർക്കു മാത്രമേ കാലു കുത്താനെ ങ്കിലും ഇടം കിട്ടൂ. എങ്ങനെയെങ്കിലും പിടിച്ചുകയറി പൊന്നാനിയിലെത്തിയാൽ വെളിയങ്കോട് ഭാഗത്തേക്കുള്ള അവസാന ബസും പൊന്നാനി സ്റ്റാൻഡിൽനിന്ന് പോയിട്ടുണ്ടാകും.
പിന്നെ വെളിയങ്കോട്ടേക്കു നടന്നുപോകണം. അല്ലെങ്കിൽ ഓട്ടോ വിളിക്കണം. ചമ്രവട്ടം വഴിയുള്ള കെഎസ്ആർടിസി സർവീസിനോട് ഒട്ടും വിശ്വാസമില്ലാതായി. സമയം കണക്കു കൂട്ടി ഇൗ റൂട്ടിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ചു. അതുകൊണ്ട് പരമാവധി, കുറ്റിപ്പുറം വഴി എടപ്പാൾ റൂട്ടിലൂടെ സ്വകാര്യ ബസിനെയാണ് ഇപ്പോൾ ആശ്രയിക്കേണ്ടി വരുന്നത്. നാളെ: പൊന്നാനി ചമ്രവട്ടം ജംക്‌ഷനിൽ നിന്ന് ചമ്രവട്ടം പാലത്തിനപ്പുറത്തേക്ക് 150 രൂപ നൽകി ഓട്ടോയിൽ പോകേണ്ടി വരുന്ന അധ്യാപികയുടെ അനുഭവം.

