ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘അന്ത്യോദയ അന്നയോജന’ (AAY) പദ്ധതിയിൽ നിർണായക മാറ്റങ്ങൾ വരുന്നു. പദ്ധതി പ്രകാരം നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി..
നിലവിൽ മഞ്ഞ കാർഡുടമകളായ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം നോക്കാതെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യമാണ് സൗജന്യമായി ലഭിക്കുന്നത്. എന്നാൽ, ഈ രീതി മാറ്റി ആളോഹരി അടിസ്ഥാനത്തിൽ ധാന്യം നൽകാനാണ് പുതിയ നിർദേശം. ഇതനുസരിച്ച് ഓരോ അംഗത്തിനും ഏഴ് കിലോ വീതം ധാന്യം ലഭിക്കും. അതേസമയം, ഒരു കുടുംബത്തിന് പരമാവധി ലഭിക്കാവുന്ന ധാന്യത്തിന്റെ അളവ് നിലവിലുള്ളതുപോലെ 35 കിലോയായിത്തന്നെ തുടരും..
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ ഗുണഭോക്താക്കളുടെ എണ്ണത്തിലും വിതരണ രീതിയിലും കൃത്യമായ കണക്കെടുപ്പ് സാധ്യമാകുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. പാവപ്പെട്ടവരുടെ ഭക്ഷണാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ഭേദഗതിയെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്..
നേരത്തെ, 2017-ലും സമാനമായ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം ശ്രമിച്ചിരുന്നു. അന്ന് ഇതിനായി ഒരു കരട് രേഖയും പുറത്തിറക്കിയിരുന്നുവെങ്കിലും ശക്തമായ എതിർപ്പുകളെത്തുടർന്ന് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ, ഭക്ഷ്യഭദ്രതാ നിയമത്തിലെ ഭേദഗതി പാർലമെന്റിലും രാഷ്ട്രീയതലത്തിലും വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്. രാജ്യത്തെ ഏറ്റവും പാവപ്പെട്ട വിഭാഗത്തെ ബാധിക്കുന്ന വിഷയമായതിനാൽ തന്നെ, നിയമഭേദഗതിയുടെ തുടർനടപടികൾ ഏറെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്…

