Breaking
Thu. Jul 23rd, 2026

തലമുറമാറ്റത്തിന്റെ അനിശ്ചിതത്വങ്ങളിൽ നിലതെറ്റിക്കരയുന്ന ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന് ഇന്നുമുതൽ സിംബാബ്‌വെ പരീക്ഷ. സിംബാബ്‌വെയ്ക്കെതിരായ 3 മത്സരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. യുവതാരങ്ങൾ അടങ്ങുന്ന ടീമിന്റെ നായകസ്ഥാനം ശ്രേയസ് അയ്യർ ഏറ്റെടുത്തശേഷം അയർലൻഡ്, ഇംഗ്ലണ്ട് എന്നിവയ്ക്കെതിരായ രണ്ടു ട്വന്റി20 പരമ്പരകൾ പരാജയപ്പെട്ടതിന്റെ വേദനയിലാണ് ഇന്ത്യ. അതിനാൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും സംഘത്തിനും ഈ മത്സരങ്ങൾ നിർണായകം. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ കീഴടക്കിയതിന്റെയും ബംഗ്ലദേശ് പര്യടനത്തിൽ, ഏകദിന പരമ്പരയും ടെസ്റ്റ് വിജയവും സ്വന്തമാക്കിയതിന്റെയും ആത്മവിശ്വാസത്തിലാണ് സിംബാബ്‌വെ അതിഥികളെ കാത്തിരിക്കുന്നത്. മത്സരം വൈകിട്ടു 4.30 മുതൽ ഡിഡി സ്പോർട്സിലും യുണൈറ്റ് 8 സ്പോർട്സ് ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.

ലോകകപ്പ് ടീമിൽ ഉൾപ്പെടാതിരുന്നതിന്റെ സങ്കടം മായിച്ചാണ് ശ്രേയസ് അയ്യരെത്തേടി ട്വന്റി20 ടീമിന്റെ നായകസ്ഥാനമെത്തിയത്. എന്നാൽ, അതിനു ശേഷം അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെ കളിച്ച 7 മത്സരങ്ങളിൽ ആറിലും ടീം തോറ്റു. ഈ പരമ്പരകൂടി തോറ്റാൽ അയ്യരുടെ നായകസ്ഥാനം അപകടത്തിലാകും. ഇംഗ്ലണ്ടിലെ പ്രകടനം ടീമിന്റെ ബാറ്റിങ്ങിലും ബോളിങ്ങിലുമുള്ള പ്രശ്നങ്ങൾ വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഹർഷ് ദുബെ, ശിവം ദുബെ, സൂര്യാൻഷ് ഷെഡ്ജെ എന്നിവരിൽനിന്ന് 2 ഓൾറൗണ്ടർമാരെ തിരഞ്ഞെടുക്കുകയെന്നതാണ് അയ്യരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അഞ്ചാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയ വൈസ് ക്യാപ്റ്റൻ തിലക് വർമയ്ക്കു പ്രതീക്ഷിച്ച പ്രകടനം നടത്താനുമായില്ല. സാധാരണ മൂന്നാമതിറങ്ങുന്ന തിലക്, മികച്ച ഫോമിലുള്ള ഇഷാൻ കിഷനു വേണ്ടിയാണ് സ്ഥാനത്യാഗം നടത്തി അഞ്ചാമനാകേണ്ടി വന്നത്.

പ്രിൻസ് യാദവിനും മായങ്ക് യാദവിനുമാണ് ഇന്ത്യയുടെ ബോളിങ് ആക്രമണത്തിന്റെ ചുമതല. മൂന്നാമതൊരു പേസ് ബോളറെക്കൂടി ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. രവി ബിഷ്ണോയിയുടെ സ്പിൻ തന്ത്രങ്ങളും നിർണായകമാകും. അതേസമയം, വിശ്രമത്തിലായ ഗൗതം ഗംഭീറിനു പകരം താൽക്കാലിക പരിശീലകനായ വി.വി.എസ്. ലക്ഷ്മണിന്റെ താൽപര്യങ്ങളും ടീം തിരഞ്ഞെടുപ്പിൽ നിർണായകമാകും.

സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന സിംബാബ്‌വെ ടീം, ശക്തരെ വിറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. ഇരുടീമുകൾക്കും വിജയ സാധ്യതയുണ്ടെന്നും ഏകപക്ഷീയ മത്സരം ആയിരിക്കില്ലെന്നും മത്സരത്തിനു മുന്നോടിയായി റാസ പറഞ്ഞത് ഇതിനു തെളിവാണ്. തുടർച്ചയായി സ്ഥിരതയുള്ള പ്രകടനമാണ് സിംബാബ്‌വെ നടത്തുന്നത്. ബംഗ്ലദേശിനെതിരെ നടന്ന ട്വന്റി20 പരമ്പര 2–1നു നഷ്ടപ്പെട്ടെങ്കിലും മികച്ച പോരാട്ടമാണ് സിംബാബ്‌വെ നടത്തിയത്.

സൂര്യവംശി ‘ഫാക്ടർ’

കൗമാര സൂപ്പർ താരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ നിർണായകമാണ്. സഞ്ജു സാംസൺ ടീമിലില്ലാത്തതിനാൽ അഭിഷേക് ശർമയോടൊപ്പം വൈഭവ് സൂര്യവംശി ബാറ്റിങ് ഓപ്പൺ ചെയ്യുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇരുവരും ഹരാരെ സ്റ്റേഡിയത്തിൽ മുൻപ് സെഞ്ചറി നേടിയ താരങ്ങളാണ്. ഇത് ഇവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.

അയ്യർ X റിച്ചഡ് എങ്കരാവ‌

ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരും ഇടംകൈ ഫാസ്റ്റ് ബോളർ റിച്ചഡ് എങ്കരാവ‌യും തമ്മിലുള്ള പോരാട്ടം നിർണായകം. സമ്മർദ നിമിഷങ്ങളിൽ ഇന്നിങ്സ് ബിൽഡ് ചെയ്യേണ്ട ഉത്തരവാദിത്വം അയ്യർക്കുണ്ട്. അച്ചടക്കത്തോടെയുള്ള എങ്കരാവയുടെ പന്തുകൾ മത്സരം നിർണയിച്ചേക്കാം.

അഭിഷേക് X മുസറബനി

വെടിക്കെട്ട് ബാറ്ററായ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയും സിംബാബ്‌വെയുടെ പേസ് കുന്തമുനയായ ബ്ലസിങ് മുസറബനിയും തമ്മിലുള്ള പോരാട്ടം കടുക്കും.

തിലക് X റാസ

നിർണായക നിമിഷങ്ങളിൽ സ്ട്രൈക്ക് മാറി കളിക്കാനുള്ള തിലക് വർമയുടെ കഴിവും മറുശത്ത് സിക്കന്തർ റാസയുടെ തന്ത്രങ്ങളും നിർണായകം.

ബ്രയൻ ബെന്നറ്റ് X ബിഷ്ണോയി

സ്പിൻ ബോളർമാർക്കെതിരെ ഭയമില്ലാതെ കളിക്കുന്ന ബെന്നറ്റും വിക്കറ്റുകൾ നേടൻ ശേഷിയുള്ള രവി ബിഷ്ണോയിയും തമ്മിലാകും മധ്യഓവറുകളിലെ പോരാട്ടം.

Related Post

Leave a Reply

Your email address will not be published. Required fields are marked *