എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി ഹാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി മസ്ജിദ് റഹ്മയുടെ ചരിത്രവും ആത്മീയ-സാമൂഹിക സേവനങ്ങളും, വിദ്യാഭ്യാസ-കാരുണ്യ പ്രവർത്തനങ്ങളും, സമൂഹശാക്തീകരണ പദ്ധതികളും ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പതിറ്റാണ്ടുകളായി പ്രദേശത്തിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ മസ്ജിദ് വഹിച്ച പങ്ക് ഡോക്യുമെന്ററി സദസിന് വ്യക്തമായി പരിചയപ്പെടുത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മസ്ജിദ് ലുഅ്ലുഅ് ഇമാം ശിഹാബുദ്ദീൻ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു. വിശ്വാസജീവിതത്തിന്റെ മൂല്യങ്ങൾ, പുതിയ തലമുറയുടെ ധാർമിക വളർച്ച, സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വം എന്നിവ ആസ്പദമാക്കി അദ്ദേഹം നടത്തിയ മുഖ്യപ്രഭാഷണം സദസിനെ ഏറെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. സൻഫ എൻ വിശുദ്ധ ഖുർആൻ പാരായണം നടത്തി. മസ്ജിദു റഹ്‌മ പ്രസിഡൻ്റ് മുസ്തഫ എൻ അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം സൈനുദ്ദീൻ സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ അക്കാദമിക്, മതപഠന, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു. യുവതലമുറയുടെ നേട്ടങ്ങളെ ആദരിക്കുകയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു അനുമോദന പരിപാടി. ഒമാനിലെ കേരള ഇസ്‌ലാമിക് അസോസിയേഷൻ്റെ കേന്ദ്ര കമ്മിറ്റി അംഗം സി. നൗഷാദ് സമാപന പ്രഭാഷണം നിർവ്വഹിച്ചു.
മസ്ജിദ് റഹ്മ ആത്മീയ പ്രവർത്തനങ്ങൾ മാത്രമല്ല സാമൂഹ്യ സാംസ്കാരിക സേവന കേന്ദ്രമാണെന്നും പൂർവ്വ പിതാക്കൻമാർ പടുത്തുയർത്തിയ മസ്ജിദുറഹ്‌മയും അതിൻ്റെ ഉപ സ്ഥാപനങ്ങളും നമുക്ക് തണൽ നൽകുന്നുവെന്നും ,അത് വരും തലമുറക്ക് കൈമാറാൻ നമുക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷം ഷഫീറ അബ്ദുറസ്സാഖ് നന്ദി പറഞ്ഞു ആത്മീയതയും കുടുംബസൗഹൃദവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ചുചേർന്ന ഈ കുടുംബസംഗമം പങ്കെടുത്തവർക്കെല്ലാം ഹൃദയസ്പർശിയായ അനുഭവമാണ് സമ്മാനിച്ചത്. MP2 EDPL MASJIDKLMB ചിത്രം: കോലൊളമ്പ് മസ്ജിദ് റഹ്മയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം മസ്ജിദ് ലുഅ്ലുഅ് ഇമാം ശിഹാബുദ്ദീൻ ഇബ്നു ഹംസ ഉദ്ഘാടനം ചെയുന്നു.

