Breaking
Wed. Aug 12th, 2026

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

പാൻമസാല പായ്ക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് രഹിത വസ്തുക്കൾ നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) പുതിയ ഉത്തരവ്. പ്ലാസ്റ്റിക്, അലുമിനിയം ഫോയിൽ, മെറ്റലൈസ്ഡ് ലെയറുകൾ എന്നിവ ഇനിമുതൽ പാൻമസാല പാക്കേജിങ്ങിനായി ഉപയോഗിക്കാൻ പാടില്ല. കഴിഞ്ഞ തിങ്കളാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ച ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് (പാക്കേജിങ്) ഭേദഗതി റെഗുലേഷൻസ് 2026’ വഴിയാണ് കേന്ദ്രം ഈ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവന്നത്.2018-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് (പാക്കേജിങ്) ചട്ടങ്ങളിലെ ഷെഡ്യൂൾ 4-ൽ പാൻമസാലയെ ഒരു പുതിയ വിഭാഗമായി ഉൾപ്പെടു ത്തിയാണ് ഈ ഭേദഗതി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എഫ്.എസ്.എസ്. എ.ഐ.യുടെ പുതിയ നിർദേശപ്രകാരം പേപ്പർ, പേപ്പർബോർഡ്, സെല്ലുലോസ് അല്ലെങ്കിൽ പ്രകൃതിദത്തമായ മറ്റു വസ്തുക്കൾ എന്നിവ മാത്രമേ പാക്കേജിങ്ങിനായി ഉപയോഗിക്കാവൂ.

ഇവ പൂർണമായി പ്ലാസ്റ്റിക് രഹിതമായിരിക്കണം. പോളിയെത്തിലീൻ, പോളിപ്രൊപ്പിലീൻ, പോളിയെസ്റ്റർ, പോളിവിനൈൽ ക്ലോറൈഡ് (പി.വി.സി.) തുടങ്ങിയ സിന്തറ്റിക് പോളിമറുകളോ അവയുടെ ലെയറുകളോ അടങ്ങിയ പായ്ക്കറ്റുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് വിജ്ഞാപന ത്തിലുണ്ട്.പരമ്പരാഗത പ്ലാസ്റ്റിക് കവറുകൾക്ക് മാത്രമല്ല വിലക്ക് ബാധകമാവുക. പുറംഭാഗത്ത് പേപ്പർ ഉപയോഗിക്കുകയും ഉള്ളിൽ പ്ലാസ്റ്റിക്കോ അലുമിനിയം ലെയറുകളോ ഉള്ളതുമായ കോമ്പോസിറ്റ് പാക്കറ്റുകളും ഇനി ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ടിൻ, ഗ്ലാസ് കണ്ടെയ്‌നറുകൾ എന്നിവയിൽ പാൻമസാല പായ്ക്ക് ചെയ്ത് വിൽക്കാൻ എഫ്.എസ്.എസ്.എ.ഐ. പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായ 2016-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചില വ്യവസ്ഥകളും ഇനി പാൻമസാല പാക്കേജിങ്ങിന് ബാധകമായിരിക്കും.ഏപ്രിൽ 28-നാണ് എഫ്.എസ്.എസ്.എ.ഐ.

ഇത്തരമൊരു ഭേദഗതിയുടെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങൾക്കും ബന്ധപ്പെട്ട മേഖലയിലുള്ളവർക്കും പരാതികളും നിർദേശങ്ങളും അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അംഗീകാരത്തോടെ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തിൽ വന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *