സർവീസിലുള്ള അധ്യാപകർക്കായി നടത്തിയ സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷയിൽ അധ്യാപകർ ആശങ്കയിൽ. 80 ശതമാനത്തോളം അധ്യാപകരും എഴുതിയ പരീക്ഷ കടുകട്ടിയായിരുന്നു. കഴിഞ്ഞ എട്ടിനും ഒൻപതിനുമായിരുന്നു പരീക്ഷ. നീറ്റ് പരീക്ഷയ്ക്കു തുല്യമായ നിലവാരം അധ്യാപകരുടെ മനോവീര്യം തകർക്കുന്നതാണെന്നാണു വിമർശം. ജനറൽ വിഭാഗത്തിന് 60 ശതമാനം മാർക്കും സംവരണവിഭാഗത്തിന് 55 ശതമാനവുമാണ് സംസ്ഥാനത്തെ യോഗ്യതാമാനദണ്ഡം. പഠനപ്രവർത്തനമടക്കമുള്ള ഒട്ടേറെ ജോലികൾക്കിടയിൽ വേണ്ടത്ര മുന്നൊരുക്കം നടത്താനാകാത്തത് പരീക്ഷയിൽ പല അധ്യാപകർക്കും തിരിച്ചടിയായി. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ ഇളവുനൽകണമെന്ന ആവശ്യമുയർത്തി ഭരണപക്ഷ അധ്യാപക സംഘടനകളടക്കം രംഗത്തുവന്നിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ജനറൽ വിഭാഗത്തിന് 50 ശതമാനവും സംവരണവിഭാഗത്തിന് 40 ശതമാനവുമാക്കി മാനദണ്ഡം പരിഷ്‌കരിച്ചിരുന്നു.
ഇതേ മാതൃക വേണമെന്ന ആവശ്യമാണ് അധ്യാപകരുയർത്തുന്നത്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് സർവീസിലുള്ള അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിയത്. കോടതിവിധിക്കെതിരേ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റിവ്യൂഹർജി നൽകിയിരുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയുടെ സവിശേഷതകളും അധ്യാപകരുടെ പ്രായോഗിക ബുദ്ധിമുട്ടും കണക്കാക്കിയായിരുന്നു ഇടപെടൽ. 50,000 അധ്യാപകരെ വിഷയം ബാധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അന്നു കണക്കാക്കിയത്.പ്രഥമാധ്യാപക തസ്തികയുടെ യോഗ്യതയായ വകുപ്പുതല പരീക്ഷ ജയിക്കാൻ 40 ശതമാനം മാർക്കു മതിയെന്നിരിക്കേയാണ് സംസ്ഥാനത്ത് കെ-ടെറ്റിന് 60 ശതമാനം വേണമെന്ന മാനദണ്ഡം. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണ മെന്നാവശ്യ പ്പെട്ട് കെ.പി.എസ്.ടി.എ. അടക്കം രംഗത്തുവന്നിട്ടുണ്ട്.

