മലപ്പുറം : കെഎസ്ആർടിസി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി അനുവദിച്ച ബസുകൾക്ക് സമയക്രമമായി. സൂപ്പർ ക്ലാസ് ബസുകൾ ഉൾപ്പെടെ പുതുതായി 8 സർവീസുകളാണ് മലപ്പുറത്തിനായി അനുവദിച്ചിരിക്കുന്നത്.
മലപ്പുറം–ബെംഗളൂരു:മലപ്പുറം ഡിപ്പോയിൽനിന്നു പാലക്കാട്–കോയമ്പത്തൂർ– സേലം– ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസുകളായാണ് ഓടിത്തുടങ്ങുക. ഘട്ടംഘട്ടമായി പ്രതിദിന സർവീസുകളാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്നു പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിൽ ബസ് എത്തും. വൈകിട്ട് 5.30ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4ന് ബസ് മലപ്പുറത്തെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
വാരാന്ത്യ ദിനങ്ങളിൽ മലപ്പുറത്തുനിന്നു താമരശ്ശേരി–കൽപറ്റ– മാനന്തവാടി വഴി ബെംഗളൂരു വിലേക്കും സർവീസുണ്ട്. വൈകിട്ട് 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരു വിലും വൈകിട്ട് 9.30ന് എടുത്ത് രാവിലെ 7ന് ബസ് മലപ്പുറത്തെത്തുകയും ചെയ്യും.മലപ്പുറം–നെടുമ്പാശേരി റൂട്ടിൽ 2 ലോ ഫ്ലോർ എസി ബസുകളാണ് പുതുതായി സർവീസ് ആരംഭിക്കുന്നത്. പുലർച്ചെ 4നും വൈകിട്ട് 10നും ആണ് ബസുകൾ മലപ്പുറത്തുനിന്ന് പുറപ്പെടുക.
മലപ്പുറം–നെടുമ്പാശേരി:റൂട്ടിൽ 2 ലോ ഫ്ലോർ എസി ബസുകളാണ് പുതുതായി സർവീസ് ആരംഭിക്കുന്നത്. പുലർച്ചെ 4നും വൈകിട്ട് 10നും ആണ് ബസുകൾ മലപ്പുറത്തുനിന്ന് പുറപ്പെടുക.
പ്രിയമോടെ ഓർഡിനറി:സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും വിവിധ റൂട്ടുകളിൽ ഓടും. ആദ്യഘട്ടത്തിൽ മലപ്പുറം–പന്തല്ലൂർ –പാണ്ടിക്കാട്–തുവ്വൂർ–കരുവാരകുണ്ട്, മഞ്ചേരി–പരപ്പനങ്ങാടി, മലപ്പുറം–കൊണ്ടോട്ടി–എടവണ്ണപ്പാറ വഴി കോഴിക്കോട്, മലപ്പുറം –കൊണ്ടോട്ടി വഴി കാലിക്കറ്റ് സർവകലാശാല കേന്ദ്രീകരിച്ചാണ് സർവീസുകൾ. പുലർച്ചെ 5.15ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് മഞ്ചേരി–വണ്ടൂർ വഴി കാളികാവിലെത്തുന്ന ബസ്, 7.30ന് കരുവാരകുണ്ട്–തുവ്വൂർ–പാണ്ടിക്കാട്–പന്തല്ലൂർ വഴിയാണ് 9.30ന് മലപ്പുറത്തെത്തുക. വൈകിട്ട് 5.05ന് വീണ്ടും പന്തല്ലൂർ വഴി 6.35ന് കരുവാരകുണ്ടിലും തിരിച്ച് രാത്രി 7ന് എടുത്ത് 8.30ന് മലപ്പുറത്തും എത്തുന്ന രീതിയിലാണ് ക്രമീകരണം. പുതിയ ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നാളെ വൈകിട്ട് 4.30ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിക്കും. പ്രഖ്യാപിച്ച സമയക്രമത്തിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.

