പൊന്നാനി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശിയായ കൊളൊത്തോടി മുഹമ്മദ് അബ്ദുൽ മുബീൻ ആണ് അറസ്റ്റിലായത്.കർണാടകയിലെ മൈസൂരിൽ നടത്തിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. പൊന്നാനിയിൽനിന്ന് മാത്രം 15ഓളം വിദ്യാർഥികൾ തട്ടിപ്പിനിരയായതായി വിവരമുണ്ട്. പൊന്നാനി അഴീക്കൽ സ്വദേശി അൽഅമീൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
ആറുമാസത്തെ കോഴ്സിന് ശേഷം യൂറോപ്പിലെ ക്രൂയിസ് ഷിപ്പിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകൾക്കായി ഒരാളിൽ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ വരെ ഈടാക്കിയതായും പരാതിയുണ്ട്.പ്രതി റിട്ട. നേവി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇടപാടുകൾ നടത്തിയതെന്നും പരാതിക്കാർ പറയുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.
തുടർന്ന് ചിലരെ ഇറാനിലെ ഒരു ഷിപ്പിങ് കമ്പനിയിലേക്ക് അയച്ചെങ്കിലും ഏകദേശം ഒരു വർഷത്തോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി. പിന്നീട് നാട്ടിലുള്ളവർ ടിക്കറ്റ് എടുത്ത് നൽകിയാണ് ഇവരെ തിരികെ എത്തിച്ചതെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.

