തിരൂർ: തിരൂരിൽ വിദ്യാർഥിക്ക് മലേറിയ സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന് വിനോദയാത്ര കഴിഞ്ഞെത്തിയ 20 വയസുകാരനിലാണ് രോഗം കണ്ടെത്തിയത്.കടുത്ത പനിയോടെ നാട്ടിലെത്തിയ യുവാവ് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.വർഷങ്ങൾക്കുശേഷമാണ് തിരൂരിൽ മലേറിയ റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്ത് വെക്റ്റർ സർവേ നടത്തി. മലേറിയ പടർത്താൻ സാധ്യതയുള്ള കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.രോഗം സ്ഥിരീകരിച്ച പ്രദേശത്തെ വീടുകളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

