തിരൂരങ്ങാടി നഗരസഭയിലെ വ്യാജ ജനനസർട്ടിഫിക്കറ്റ്: അന്വേഷണത്തിന് ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം.

തിരൂരങ്ങാടി : നഗരസഭയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം അന്വേഷിക്കും. ജോയിന്റ് ഡയറക്ടർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. തദ്ദേശ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് വിഭാഗം പരിശോധന നടത്തിയിരുന്നു. ഇതിൽ നൂറിലേറെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി കണ്ടെത്തിയിരുന്നു. 2 മാസം മുൻപാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ട് ജോയിന്റ് ഡയറക്ടർക്ക് നൽകി.

അതേ സമയം തട്ടിപ്പ് അറിഞ്ഞിട്ടും നഗരസഭാ അധികൃതർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന ആക്ഷേപമുണ്ട്. കരുമ്പിൽ സ്വദേശിയായ വ്യക്തിയാണ് ആദ്യമായി പരാതിയുമായി എത്തിയത്. അന്ന് ഒറ്റപ്പെട്ട സംഭവം എന്ന തരത്തിൽ കണ്ടു. ഇത് ഹിയറിങ് നടത്തി പരിഹരിച്ച ശേഷം 7 പരാതികൾ കൂടി എത്തി. തുടർന്ന് നടത്തിയ ഓഫിസിലുള്ളവർ നടത്തിയ പരിശോധനയിൽ റജിസ്റ്ററിലെ രേഖയ്ക്ക് പകരം സോഫ്റ്റ്‍വെയറിൽ കൃത്രിമം നടത്തി തട്ടിപ്പ് നടത്തിയതാണ് എന്ന് മനസ്സിലായിരുന്നു. എന്നാൽ ഇതിൽ അന്വേഷണം നടത്താനോ പൊലീസിൽ പരാതി നൽകാനോ നഗരസഭ അധികൃതർ ഇതുവരെയും തയാറായിട്ടില്ല.

അതേ സമയം, നഗരസഭയിലെ ജനന മരണ റജിസ്ട്രാർ ഓരോ പരാതികൾ വരുമ്പോഴും ആ സർട്ടിഫിക്കറ്റുകൾ തിരുത്തി യഥാർഥ ഉടമയ്ക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വേണ്ടി ചീഫ് റജിസ്ട്രാർക്ക് കത്തു നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്റേണൽ വിജിലൻസ് വിഭാഗം പരിശോധനയ്ക്കെത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *