ഉറക്കത്തിന് തടസ്സമായെന്ന് ആരോപണം; നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ.

കുന്നമംഗലം: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുവയൽ ചെമ്മലത്തൂർ സ്വദേശി ഷിജിൻ (20), ഭാര്യ അഞ്ജന (20) എന്നിവരാണ് അറസ്റ്റിലായത്.

2025 ഒക്ടോബർ ഒന്നിനാണ് സംഭവം നടന്നത്. രാത്രിയിൽ കുഞ്ഞ് കരഞ്ഞതിനെത്തുടർന്ന് മദ്യലഹരിയിലായിരുന്ന ഷിജിൻ കുഞ്ഞിനെ മർദിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അഞ്ജന സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

പോസ്റ്റ്മോർട്ടം പരിശോധനയിൽ കുഞ്ഞിന്റെ തലയിലടക്കം ഗുരുതര പരിക്കുകളും വാരിയെല്ലിനും നട്ടെല്ലിനും ഒടിവുകളും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ നൽകിയ വിശദീകരണങ്ങളിൽ വൈരുധ്യം തോന്നിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം തുടരുകയായിരുന്നു.

കുഞ്ഞിനെ ഷിജിൻ മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് അഞ്ജന പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. കുഞ്ഞിന് മുമ്പും പരിക്കേറ്റ സംഭവങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ നടപടി ഉണ്ടായത്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *