തിരുവനന്തപുരം: ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയിലാണ് തട്ടിപ്പിനു ശ്രമം നടന്നത്. രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു. പിഎസ്‌സി പൊലീസിൽ പരാതി നൽകും. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിനു ശ്രമം നടന്നത്. രാവിലെ 7.15 മുതൽ 9.15വരെയായിരുന്നു പരീക്ഷ. 52,879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുന്നത്.

ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശോധനയും നടത്തും. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു.

പിഎസ്‍സി ചെയർമാനുമായി ആലോചിച്ചശേഷം ഇന്നു തന്നെ പരാതി നൽകുമെന്ന് പിഎസ്‌സി അധികൃതർ പറഞ്ഞു. സീറ്റിൽ ഹാൾ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയിരുന്നതിനാൽ ഇറങ്ങി ഓടിയ ആളെ കണ്ടെത്താനാകും. പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷിച്ച ആൾക്കു പകരമായി പരീക്ഷ എഴുതാനെത്തിയ ആളാണെങ്കിൽ ഹാൾ ടിക്കറ്റ് നമ്പരിലൂടെ അപേക്ഷിച്ച ആളെ കണ്ടെത്താനാകും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഇറങ്ങി ഓടിയ ആളെ പിടികൂടാനാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *