Breaking
Sat. Jun 20th, 2026

പൊന്നാനി: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം 53.17% ചെലവഴിച്ച് പൊന്നാനി നഗരസഭ നാലാം സ്ഥാനത്ത്. മലപ്പുറം ജില്ലയിലെ 111 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജനുവരി 30, ഫെബ്രുവരി 3, 5, 13, 20 തീയതികളിലായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗങ്ങളിലാണ് വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

ജില്ലയിലെ 122 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 117 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 2024-25 വാര്‍ഷിക പദ്ധതി ഓണ്‍ലൈനായി സമര്‍പ്പിച്ചെങ്കിലും രേഖകളുടെ പരിശോധന പൂര്‍ത്തീകരിക്കാത്ത പെരിന്തല്‍മണ്ണ, മലപ്പുറം എന്നീ നഗരസഭകളുടെയും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും പൊന്മുണ്ടം, തേഞ്ഞിപ്പലം, മക്കരപ്പറമ്പ് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും ഒഴികെയുള്ള 87 ഗ്രാമ പഞ്ചായത്തുകളുടേയും ഒമ്പത് നഗരസഭകളുടേയും 14 ബ്ലോക്ക് പഞ്ചായത്തുകളുടേയും ജില്ലാ പഞ്ചായത്തിന്റേയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

കുറുവ, കുറ്റിപ്പുറം, പെരുമണ്ണ ക്ലാരി, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തുകളും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടക്കല്‍ നഗരസഭയും ഓണ്‍ലൈന്‍ മുഖേന ഇതുവരെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചിട്ടില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗവും ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. 41.44% ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാന തലത്തില്‍ നാലാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളില്‍ 49.27% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്താണ്. നഗരസഭകളില്‍ 54.19% ചെലവഴിച്ച് പെരിന്തല്‍മണ്ണ നഗരസഭ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനത്തും 53.17% ചെലവഴിച്ച് പൊന്നാനി നഗരസഭ നാലാം സ്ഥാനത്തുമാണ്.

ഗ്രാമപഞ്ചായത്തുകളില്‍ 57.05% ചെലവഴിച്ച തിരുവാലി ഗ്രാമപഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഏഴാം സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 51.25% ചെലവഴിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തില്‍ 22ാം സ്ഥാനത്തുമാണ്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ എത്രയും പെട്ടെന്ന് ചെലവഴിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *