Breaking
Fri. Jun 19th, 2026

പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വെച്ചു. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലിലും ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിലും പ്രതിഷേധിച്ചാണ് രാജി. അക്കാദമി സെക്രട്ടറിക്കാണ് രാജിക്കത്ത് അയച്ചത് . ജനാധിപത്യപരമായ സ്വയംഭരണ അവകാശമുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നായ സാഹിത്യ അക്കാദമിയില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സി.രാധാകൃഷ്ണന്‍ പറഞ്ഞു.

അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമാണ് ഒരു മന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ഭരിക്കുന്നവര്‍ വിചാരിച്ചാല്‍ ഭരണഘടനയും തള്ളിയിടാനാകുമെന്നും രാഷ്ട്രീയ ഇടപെടല്‍ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പാടില്ലന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. താന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്നും, അക്കാദമിയുടെ സ്വതന്ത്രമായ പദവിയെ ഇല്ലാതാക്കുന്ന സംസ്‌കാര ഭരണത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്നും രാഷ്ട്രത്തിലെ ഏറ്റവും അവസാനത്തെ ജനാധിപത്യപരമായ സ്വയംഭരണ സ്ഥാപനത്തിന്റെ ശവസംസ്‌കാരത്തിന് തനിക്ക് നിശബ്ദ സാക്ഷിയാകാന്‍ കഴിയില്ലന്നും അദ്ദേഹം അക്കാദമി സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേരുള്‍പ്പെടുത്തി ക്ഷണപത്രം അയച്ചത്. കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ലംഘിച്ചതിനാലാണ് രാജിയെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞു

Related Post

Leave a Reply

Your email address will not be published. Required fields are marked *