Breaking
Sat. Jul 4th, 2026

മലപ്പുറം: സംസ്ഥാന കായകൽപ് അവാർഡിൽ ജില്ലയ്ക്കു വിജയത്തിളക്കം. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങൾക്കായി ഒരു കോടിയോളം രൂപയുടെ സമ്മാനമാണു ലഭിച്ചത്. സംസ്ഥാനതലത്തിൽ ജില്ലാ ആശുപത്രികളിൽ 91.75% മാർക്ക് നേടി ഒന്നാം സ്ഥാനത്തെത്തിയ പൊന്നാനി മാതൃശിശു ആശുപത്രിക്ക് അരക്കോടി രൂപയാണു ലഭിക്കുക. ഇതുകൂടാതെ മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിയായി പൊന്നാനി മാതൃശിശു ആശുപത്രിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുവഴി 10 ലക്ഷം രൂപയുടെ അവാർഡും ലഭിക്കും.

രണ്ടാം സ്ഥാനം നേടിയ നിലമ്പൂർ ജില്ലാ ആശുപത്രിക്ക് 20 ലക്ഷത്തിന്റെ അവാർഡ് ലഭിക്കും. സബ് ജില്ലാ ആശുപത്രികളിൽ രണ്ടാം സ്ഥാനം നേടിയ തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിക്കു 10 ലക്ഷം രൂപ ലഭിക്കും. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗം ക്ലസ്റ്റർ മൂന്നിൽ മഞ്ചേരി മംഗലശ്ശേരി അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനു രണ്ടാം സ്ഥാനം (1.5 ലക്ഷം രൂപ) ലഭിച്ചു.

നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പൊന്നാനി ബിയ്യം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, പെരിന്തൽമണ്ണ ഇരവിമംഗലം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയ്ക്ക് അരലക്ഷം രൂപയുടെ കമന്റേഷൻ അവാർഡും ലഭിക്കും.പ്രാഥമികാരോഗ്യകേന്ദ്രം ജില്ലാതല അവാർഡുകൾ: അമരമ്പലം എഫ്എച്ച്‌സി (രണ്ടു ലക്ഷം രൂപ), കോട്ടയ്ക്കൽ എഫ്എച്ച്‌സി, പരപ്പനങ്ങാടി എഫ്എച്ച്‌സി (അരലക്ഷം രൂപ വീതം).ജനകീയാരോഗ്യകേന്ദ്രങ്ങൾ ജില്ലാതലം: അത്താണിക്കൽ എച്ച്ഡബ്ല്യുസി (ഒരു ലക്ഷം), കെ പുരം എച്ച്ഡബ്ല്യുസി (അര ലക്ഷം), നിറമരുതൂർ എച്ച് ഡബ്ല്യുസി (35,000 രൂപ).

ശുചിത്വപരിപാലനത്തിൽ വിട്ടുവീഴ്ചയില്ലാത്തതും  സേവനനിലവാരം ഉയർത്തിയതും ആണു നിലമ്പൂർ ജില്ലാ ആശുപത്രിയെ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തെത്തിച്ചത്. 2001ൽ 87%, 2003ൽ 87.02% എന്നിങ്ങനെ മാർക്ക് നേടി പ്രത്യേക പരാമർശം ലഭിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചു ചിട്ടയാേടെ പ്രവർത്തനങ്ങൾ നടത്തി. രോഗീപരിചരണം, രോഗനിർണയ സംവിധാനങ്ങൾ എന്നിവയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തി. ലാബ്,ഒപി,ഫാർമസി,എക്സറേ യൂണിറ്റ് തുടങ്ങിയവ നവീകരിച്ചു. ജില്ലാ പഞ്ചായത്ത്,ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി എന്നിവ അപ്പപ്പോൾ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.സൂപ്രണ്ട് ഇൻ ചാർജ് ഡോ.പി.ഷിനാസ് ബാബു, റസിഡന്റ് മെഡിക്കൽ ഓഫിസർ ആയിരുന്ന ഡോ.പി.കെ.ബഹാബുദ്ദീൻ, ക്വാളിറ്റി നോഡൽ ഓഫിസർ ഡോ.കെ.കെ.പ്രവീണ, ഇതര ജീവനക്കാർ  എന്നിവർ ഒത്തൊരുമയോടെ പ്രവർത്തിച്ച് ആശുപത്രിയെ പുരോഗതിയിലേക്കു നയിച്ചു.

അംഗീകാരനിറവിൽ ബിയ്യം ഹെൽത്ത് സെന്റർ. നഗര ആരോഗ്യകേന്ദ്രത്തിനുള്ള കമന്റേഷൻ അവാർഡാണു ബിയ്യം അർബൻ ഹെൽത്ത് സെന്ററിനു ലഭിച്ചിരിക്കുന്നത്. 92.91% മാർക്കോടെയാണ് നേട്ടം.  കായകൽപ് അവാർ‍ഡ് ഇതു രണ്ടാം തവണയാണ് മാതൃശിശു ആശുപത്രിക്കു ലഭിക്കുന്നത്. ജില്ലാതല ആശുപത്രികളിൽ 91.75% മാർക്ക് നേടിയാണു പൊന്നാനി മാതൃശിശു ആശുപത്രി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ ആശുപത്രിക്കു ലഭിക്കും. 2019–20 വർഷത്തിലാണ് മാതൃശിശു ആശുപത്രി ആദ്യമായി കായകൽപ് അവാർഡ് നേടുന്നത്. അന്നും ഒന്നാം സ്ഥാനമായിരുന്നു.തുടർന്നുള്ള 3 വർഷം മത്സരിക്കാൻ പാടില്ലെന്നാണു ചട്ടം. കാലാവധി കഴിഞ്ഞു വീണ്ടും മത്സരവഴി തുറന്നതോടെ വീണ്ടും പൊന്നാനി മാതൃശിശു ആശുപത്രി സംസ്ഥാനതലത്തിൽ കപ്പടിച്ചു. പ്രതിസന്ധികൾ പലതും മറികടന്ന്, സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന തരത്തിലാണു മാതൃശിശു ആശുപത്രിയുടെ പ്രവർത്തനം. പ്രസവത്തിന്റെ കാര്യത്തിലും സംസ്ഥാനത്തുതന്നെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന ആശുപത്രികളിലൊന്നാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *