Breaking
Sun. Jul 5th, 2026

പൊന്നാനി : നിർമാണം തടഞ്ഞ റവന്യു വകുപ്പ് നടപടികൾ അവസാനിപ്പിച്ചു. ഭാരതപ്പുഴയോരത്ത് കർമ റോഡരികിൽ നഗരസഭയുടെ പുഴമുറ്റം പാർക്കും ടേക്ക് എ ബ്രേക്ക് സംവിധാനവും പ്രവർത്തനസജ്ജമായി.‘ടേക്ക് എ ബ്രേക്ക്’ നടത്തിപ്പിനായി പുതിയ ടെൻഡർ നൽകിയിരിക്കുകയാണ്. പാർക്കും ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും പുഴയോരത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഉപയോഗിക്കാനാകും.

പാർക്ക് നിർമാണം നടക്കുന്നതിനിടയിൽ‌ ഭൂമി റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും നഗരസഭ നിർമാണം നിർത്തിവയ്ക്കണമെന്നും കാണിച്ച് റവന്യു വകുപ്പ് നഗരസഭയ്ക്ക് കത്ത്നൽകിയിരുന്നു. തൊട്ടുപിന്നാലെ കർമ റോഡരികിൽ നഗരസഭ ടെൻഡർ ക്ഷണിച്ച് എക്സിബിഷൻ നടത്തുന്നതും തടഞ്ഞു കൊണ്ട് റവന്യു നോട്ടിസ് നൽകിയിരുന്നു. ‌

ഈ തടസ്സങ്ങളെല്ലാം മറികടന്നാണ് നഗരസഭ ‘പുഴ മുറ്റം’ പാർക്കും ടേക്ക് എ ബ്രേക്കും പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് കർമ റോഡിലേക്ക് എത്തുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പ്രാഥമിക സംവിധാനം പോലുമില്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ഈ സാഹചര്യം പരിഗണിച്ചാണ് പുഴയോര ടൂറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭ പുഴ മുറ്റം പാർക്ക് വിഭാവനം ചെയ്തിരുന്നത്. ഭൂമിയിലേക്ക് നിലം പതിച്ച് പച്ചപ്പോടെ നിൽക്കുന്ന മരത്തിന്റെ മനോഹാരിതയിലാണ് പുഴ മുറ്റം പാർക്ക് നിലകൊള്ളുന്നത്. പുഴയോരത്തു തന്നെ രാജ്യാന്തര നിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ നിർമിക്കാനും നഗരസഭ പദ്ധതിയിട്ടിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *