താനൂർ : വർഗീയതയുമായി കൂട്ടുകൂടുന്ന മുസ്‌ലിം ലീഗിനെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂരിൽ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയതയോട് കൂട്ടുകൂടിയ കോൺഗ്രസിന്റെ അനുഭവം ലീഗ് പഠിക്കണം. ആധിപത്യമുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും അവരില്ലാതായി. അവിടെയൊക്കെ ബി.ജെ.പി. അധികാരത്തിലെത്തി.

ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐ.യും യു.ഡി.എഫിനോട് ചേർന്നുനിൽക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയെ ഇസ്‌ലാമിലെ വലിയ മതനിരപേക്ഷ വിഭാഗമായ സുന്നികൾ ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാൽ ലീഗ് അവർക്ക് കീഴടങ്ങി. അവരോട് ചോദിച്ചാണ് ലീഗ് പല കാര്യങ്ങളും തീരുമാനിക്കുന്നത്. പാലക്കാട്‌ യു.ഡി.എഫ്. വിജയിച്ചപ്പോൾ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്.ഡി.പി.ഐ.യാണ്. അത് ആപത്കരമാണ്. അത് കേവലം രണ്ടു സീറ്റിന്റെയോ നാലു വോട്ടിന്റെയോ വിഷയമല്ല. വർഗീയതയ്ക്ക് മറുപടി വർഗീയതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർലമെന്റിൽ അംബേദ്കറിനെതിരേ അമിത്ഷാ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ ചാതുർവർണ്യ ബോധത്തിന്റെ സവർണ മനോഭാവത്തിൽ നിന്നുണ്ടായതാണ്. നാലുവർഗം മനുഷ്യരാണുള്ളത്. നാലിലും പെടാത്തവർ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലും. ഇതിൽപ്പെട്ടയാളാണ് അംബേദ്കർ. അതുകൊണ്ടാണ് അമിത്ഷാ അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എം. ജില്ലാസെക്രട്ടറി വി.പി. അനിൽ അധ്യക്ഷനായി. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി, മന്ത്രി വി. അബ്ദുറഹ്‌മാൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി. നന്ദകുമാർ എം.എൽ. എ., പി.കെ. സൈനബ, ജില്ലാ നേതാക്കളായ ഇ.എൻ. മോഹൻദാസ്, വി.പി. സക്കറിയ, ഇ. ജയൻ, പി.കെ. ഖലീമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *