എടപ്പാൾ : മാറഞ്ചേരി-എടപ്പാൾ പഞ്ചായത്തുകളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. നാലുവർഷത്തിലധികമായി നിർമാണം നിലച്ച ഒളമ്പക്കടവ് പാലം പണി പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കെ.ടി. ജലീൽ എം.എൽ.എ.യുടെ ഇടപെടലിൽ കിഫ്ബി ഫണ്ടിൽനിന്നുള്ള 21.53 കോടിയുടെ പുതിയ എസ്റ്റിമേറ്റിൽ ടെൻഡർ നടപടി പൂർത്തിയാക്കി. ആവശ്യമായ സാധന സാമഗ്രികളെല്ലാം സ്ഥലത്തെത്തിച്ചു. ഉടൻ പണിയാരംഭിക്കുമെന്നാണ് സൂചന.
എടപ്പാൾ മേൽപ്പാലം നിർമാണത്തിനൊപ്പം അന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കെ.ടി. ജലീൽ എം.എൽ.എ.യുമെല്ലാം ചേർന്ന് ഉത്സവാന്തരീക്ഷത്തിൽ തറക്കല്ലിട്ടതാണ് പാലത്തിന്. എടപ്പാൾ പഞ്ചായത്തിലെ ഒളമ്പക്കടവിൽ നിന്നാരംഭിച്ച് മാറഞ്ചേരിയിൽ എത്തുന്ന രീതിയിലാണ് പാലം നിർമിക്കുന്നത്. 607 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് നടപ്പാതയും കൈവരിയുമുണ്ട്. ഏഴര മീറ്റർ വീതിയുള്ള റോഡിന് 60 മീറ്റർ കോലൊളമ്പ് ഭാഗത്തേക്കും 158 മീറ്റർ മാറഞ്ചേരി ഭാഗത്തേക്കും അനുബന്ധ റോഡുണ്ട്. നേരത്തേ ഏതാനും ചില തൂണുകൾമാത്രം നിർമിച്ചശേഷം നിർമാണക്കമ്പനി ഉപേക്ഷിച്ച് പോകുകയായിരുന്നു.
തുറുവാണം ദ്വീപിലുള്ളവർക്ക് എടപ്പാളിലെത്താൻ 21 കിലോമീറ്ററുള്ളത് പാലം വന്നാൽ പകുതിയായി കുറയും. എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലുള്ളവർക്ക് മാറഞ്ചേരി, പുത്തൻപള്ളി, ഗുരുവായൂർ ഭാഗങ്ങളിലേക്കും ആ ഭാഗത്തുള്ളവർക്ക് എടപ്പാൾ, കുറ്റിപ്പുറം, പട്ടാമ്പി തുടങ്ങിയിടങ്ങളിലേക്കെത്താനും പാലമുപയോഗപ്പെടും.പണി ഉടനാരംഭിക്കുമെന്നും പാലം പണിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു.