കുറ്റിപ്പുറം : രാത്രി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ ‘ചെറിയ ഓട്ടം’ പോകുന്നില്ലെന്ന് വ്യാപക പരാതി. സംഭവം ചൂണ്ടിക്കാട്ടി യാത്രക്കാരിൽ ചിലർ ഇന്നലെ റെയിൽവേ അധികൃതർക്കും പൊലീസിലും പരാതി നൽകി. അർധരാത്രിയിലും പുലർച്ചെയുമായി കുറ്റിപ്പുറത്ത് ട്രെയിനിറങ്ങുന്ന പരിസരവാസികൾക്കാണ് ഈ അനുഭവം. ട്രെയിനിറങ്ങി ഓട്ടോയുടെ അടുത്തെത്തിയാൽ ദൂരസ്ഥലങ്ങളിലേക്ക് മാത്രമേ ഓട്ടം വരൂ എന്നാണ് ചില ഡ്രൈവർമാരുടെ മറുപടി. കുറ്റിപ്പുറം ടൗണിന് സമീപത്തെ സ്ഥലങ്ങളിൽ എത്തിപ്പെടാൻ പല യാത്രക്കാരും ലഗേജും താങ്ങി നടക്കുകയാണ് ചെയ്യുന്നത്. ദീർഘദൂര യാത്രക്കാർക്ക് മാത്രമായി സർവീസ് നടത്താൻ അനുമതി നൽകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാർ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് പരാതി നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് മലബാർ എക്സ്പ്രസിൽ ഇറങ്ങിയ കുറ്റിപ്പുറം മല്ലൂർക്കടവ് സ്വദേശികളായ യുവതികൾക്ക് യാത്ര നിഷേധിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.