പൊന്നാനി : കടലിലെ മീനിന്റെ കുറവും വരവിനേക്കാൾ ചെലവ് കൂടിയതും കാരണം പൊന്നാനിയിൽ മത്സ്യബന്ധന വ്യവസായ മേഖല കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ.

മൂന്നും, നാലും ദിവസം കടലിൽ സഞ്ചരിച്ച് മീൻപിടിക്കാൻപോകുന്ന വലിയ ബോട്ടുകൾക്ക് ആയിരം ലിറ്റർ ഡീസൽ വേണം. എന്നാൽ ഇവർക്ക് നാല് നാൾ വലവിരിച്ചാൽ ഒരു ലക്ഷം രൂപയുടെ മീൻപോലും കിട്ടാത്ത അവസ്ഥയാണ്. ഒരു ബോട്ടിലെ പത്തോളം തൊഴിലാളികൾക്ക് നാലുദിവസത്തെ പണിക്കൂലി ബോട്ടുടമസ്ഥൻ കടംവാങ്ങി കൊടുക്കേണ്ട സ്ഥിതിയാണ്.

ഇതുകൊണ്ടുതന്നെ നഷ്ടം താങ്ങാനാവാതെ പല മീൻപിടിത്ത ബോട്ടുകളും ഇപ്പോൾ കടലിൽ ഇറക്കുന്നില്ല. മാത്രമല്ല ആഴക്കടലിൽ വിദേശ ട്രോളറുകൾ ചെറുമീനുകളടക്കം അരിച്ചുപെറുക്കി കൊണ്ടുപോകുന്നത് മത്സ്യക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. ചെറിയ മീൻപിടിത്ത ബോട്ടുകളും ഇപ്പോൾ പലതും കടലിൽ ഇറങ്ങുന്നില്ല.

കരയോടുചേർന്ന് പത്ത് കിലോമീറ്റർ ചുറ്റളവിൽ മീൻപിടിക്കാൻ പാടില്ലെന്ന നിയമം വന്നതാണ് ഇവർക്ക് തിരിച്ചടിയായത്. ഈ മേഖലയിൽ വെറുതെ നങ്കൂരമിട്ട് കിടന്നാൽപ്പോലും മറൈൻ പോലീസ് കനത്ത പിഴ ഈടാക്കുന്നത് ഭയപ്പെട്ട് അവരും കടലിൽ വല്ലപ്പോഴും മാത്രമേ മീൻ പിടിക്കാൻ ഇറങ്ങാറുള്ളു. കടലിൽ ഇറങ്ങിയാൽത്തന്നെ ആകെ ലഭിക്കുന്നത് ചെറിയ തോതിൽ കൂന്തളും അയലയും മാത്രം.

Related Post

Leave a Reply

Your email address will not be published. Required fields are marked *