പൊന്നാനി : സംവാദങ്ങളെ നിരാകരിക്കുകയും റദ്ദാക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രവർത്തനം നടക്കുന്ന കാലത്ത് സംവാദങ്ങൾക്കുള്ള ഇടങ്ങൾ സൃഷ്ടിക്കുകയെന്നത് ജനാധിപത്യത്തെ നിലനിർത്തലാണെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊന്നാനി എം.ഇ.എസ്. കോളേജിൽ ‘ലിറ്റ്‌സർജൻസ്’ സാഹിത്യോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം എത്രകണ്ട് സാംസ്‌കാരികമാകുന്നുവോ അത്രകണ്ട് ഹിംസയെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർഭയ വിമെൻ ഡിവലപ്‌മെന്റ് സെല്ലും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷും സ്‌റ്റോറി ജെൻഡർ ക്ലബ്ബും സംയുക്തമായാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്. ‘യുദ്ധവും സ്ത്രീകളും’ എന്ന വിഷയത്തിൽ ടി.ഡി. രാമകൃഷ്ണനും ‘വേർതിരിക്കപ്പെടുന്ന സ്വത്വബോധങ്ങൾ’ എന്ന വിഷയത്തിൽ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ‘സ്ത്രീകളുടെ ജീവിതം, ഭാവനകൾ, യാഥാർഥ്യങ്ങൾ’ എന്ന വിഷയത്തിൽ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സി.എസ്. ചന്ദ്രികയും ‘സത്യാനന്തരകാലത്തെ സ്ത്രീകളും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തക അപർണ സെന്നും ‘ഫെമിനിച്ചി ഫാത്തിമ തകർത്ത നിശ്ശബ്ദത’ എന്ന വിഷയത്തിൽ സംവിധായകൻ ഫാസിൽ മുഹമ്മദും അഭിനേത്രി വിജി വിശ്വനാഥും സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എ. സുബൈർ അധ്യക്ഷനായി. ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. യു.വി. അമീറ, ജാഫർ, സമീർ ഖാൻ, സുഹൈൽ, നന്ദകിഷോർ എന്നിവർ പ്രസംഗിച്ചു.