തിരൂർ : ഭക്ഷണത്തിലൂടെ കൈമാറുന്ന സ്നേഹത്തിന്റെ രുചി ആരും മറക്കില്ല. അതുകൊണ്ടാണ് കോട്ട് പ്രദേശത്ത് പെരുന്നാൾ ദിനത്തിൽ ഇതരസമുദായാംഗങ്ങളുടെ വീടുകളിൽ ഉച്ചഭക്ഷണമായി ബിരിയാണി എത്തിച്ച് പെരുന്നാൾ ആഘോഷിച്ചത്. 2400 പേർക്കായി 525 വീടുകളിലാണ് വിതരണം നടത്തിയത്.കോട്ട് ജമാഅത്തെ ഇസ്‍ലാമിയും അത്താണിഭവൻ ആലിൻചുവടുമാണ് ബക്കറ്റ് ബിരിയാണി എത്തിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഈ സൗഹാർദ ഭക്ഷണവിതരണം തുടരുന്നു.
തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര അത്താണിഭവൻ അലവി മുണ്ടേക്കാട്ടിനും ജമാഅത്തെ ഇസ്‍ലാമി കോട്ട് പ്രസിഡന്റ് മുളിയത്തിൽ മൊയ്തീൻ ഹാജിക്കും ബക്കറ്റ് ബിരിയാണി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.അത്താണിഭവൻ ഭാരവാഹികളായ സലാം മച്ചിങ്ങൽ, കെ.കെ. വാഹിദ്, അബ്ദുല്ലകുട്ടി ബ്രിട്ട്കോ, സലിം ചെറുതോട്ടത്തിൽ, സാജിദ് ചങ്ങത്തിൽ, അഡ്വ. സഹീർ കോട്ട്, മുളിയത്തിൽ ഹംസകുട്ടി എന്നിവർ സംസാരിച്ചു. ഷമീർ തച്ചോത്ത്, ഹമീദ് തിരൂർ, എം.പി. അഷ്റഫ്, അബ്ദുറഹ്മാൻ മുണ്ടേക്കാട്ട്, സൈനുൽ ആബിദ്, റഷീദ് അമ്മേങ്ങര, അത്താണി സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ, അത്താണി പാലിയേറ്റീവ് വൊളന്റിയർമാർ എന്നിവർ ബിരിയാണി വിതരണത്തിന് നേതൃത്വം നൽകി.