തവനൂർ : കാത്തിരിപ്പിനൊടുവിൽ തവനൂർ-തിരുനാവായ പാലത്തിന്റെ നിർമാണം ആരംഭിച്ചു. തവനൂർ ഭാഗത്തെ അനുബന്ധ റോഡിന്റെ നിർമാണമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. അലൈൻമെന്റുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് അനിശ്ചിതത്വത്തിലായ നിർമാണമാണ് ഇപ്പോൾ പുനരാരംഭിച്ചിട്ടുള്ളത്. നിലവിലെ അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പാലത്തിന്റെ നിർമാണം അനിശ്ചിതത്വത്തിലായത്. ഇ. ശ്രീധരന്റെ അഭിപ്രായം കൂടി ആരായണമെന്ന് കോടതി ഉത്തരവിട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും ആർബിഡിസികെ മാനേജിങ് ഡയറക്ടറും ഇ. ശ്രീധരനുമായി നേരിട്ട് ചർച്ച നടത്തി.
ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അലൈൻമെന്റ് പ്രകാരം പാലം നിർമിക്കുകയാണെങ്കിൽ സർക്കാരിന് അധിക സാമ്പത്തികബാധ്യതയുണ്ടാകുമെന്നും നിർമാണത്തിന് കാലതാമസമെടുക്കുമെന്നുമായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. ഇതേത്തുടർന്ന് ആദ്യം തീരുമാനിച്ച അലൈൻമെന്റിൽ പാലം നിർമിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഭാരതപ്പുഴയ്ക്കു കുറുകെ തവനൂർ-തിരുനാവായ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 806 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. 48.83 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.