തിരൂർ : ട്രെയിനിൽ വന്നിറങ്ങി ലക്ഷ്യസ്ഥാനത്തു പോയി വരാൻ ഇനി മറ്റു വാഹനങ്ങൾക്കായി കാത്തിരിക്കേണ്ട. ആധാർ കാർഡും ലൈസൻസുമുണ്ടെങ്കിൽ റെയിൽവേ സ്റ്റേഷനിൽ വാടകയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ലഭിക്കും. പദ്ധതി ജില്ലയിലെ 3 സ്റ്റേഷനുകളിൽ നടപ്പാക്കാനൊരുങ്ങുകയാണു റെയിൽവേ. തിരൂർ, നിലമ്പൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിലാണ് ട്രെയിൻ യാത്രക്കാർക്ക് ഇ സ്കൂട്ടർ നൽകുന്ന പദ്ധതി വരുന്നത്.സംരംഭകർക്ക് കരാർ നൽകിയാണ് പദ്ധതി നടത്തുന്നത്. ഇതിനുവേണ്ട സ്ഥലം സ്റ്റേഷനുകളിൽ റെയിൽവേ അനുവദിക്കും. സ്കൂട്ടറുകളും മറ്റു സൗകര്യങ്ങളും സംരംഭകർ തന്നെയാണ് ഒരുക്കേണ്ടത്. ട്രെയിനിറങ്ങി വരുന്നവർ ലൈസൻസും ആധാർ കാർഡും നൽകിയാൽ സ്കൂട്ടർ ലഭിക്കും. മണിക്കൂർ നിരക്കിലായിരിക്കും വാടക ഈടാക്കുന്നത്. കൂടുതൽ ദിവസങ്ങൾ വേണമെങ്കിൽ വാടകയുടെ കാര്യത്തിലും ഇളവുണ്ടാകും.

സ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും സ്ഥലത്തെത്തി ട്രെയിനിൽ തന്നെ മടങ്ങുന്ന യാത്രക്കാരെയും ലക്ഷ്യമിട്ടാണ് പദ്ധതി നടത്തുന്നത്. സെൻട്രൽ റെയിൽവേ പരീക്ഷിച്ചു വിജയിച്ച പദ്ധതി ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള തിരുവനന്തപുരം ഡിവിഷനിലും നിലവിൽ നടത്തുന്നുണ്ട്. പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകളിലാണ് ആദ്യഘട്ടമായി ഇതു പരീക്ഷിക്കാൻ ഒരുങ്ങുന്നത്. തിരൂരിലും നിലമ്പൂരിലും പരപ്പനങ്ങാടിയിലും വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാലാണ് തുടക്കത്തിൽ ഈ സ്റ്റേഷനുകളിൽ പദ്ധതി നടത്താൻ റെയിൽവേ ഒരുങ്ങുന്നത്. മംഗളൂരു റെയിൽവേ സ്റ്റേഷനിൽ പദ്ധതി ഉടൻ തുടങ്ങും. തുടർന്നായിരിക്കും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കുന്നത്. വിജയിച്ചാൽ കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *