പൊന്നാനി: അധിനിവേശ സസ്യമായ കമ്യൂണിസ്റ്റ് പച്ചയുടെ (chromolaena odorata) ഇലകൾക്ക് പലവിധ ഔഷധഗുണങ്ങളുമുണ്ടെങ്കിലും ഇതിൽ നിന്ന് മഷിയുണ്ടാക്കാനാവുമെന്ന് കണ്ടെത്തിയിരിക്കുകയാണ് എം.ഇ.എസ് പൊന്നാനി കോളജിലെ സുവോളജി വിഭാഗം. അസി. പ്രഫസർ ഡോ. പ്രമീളയുടെ നേതൃത്വത്തിൽ അവസാന വർഷ സുവോളജി വിദ്യാർഥികളായ റഫ, റംസീന, റിൻസിയ, റിഷിദ, സെൻഹ, ഷഹല, അജ്‍വദ്, നവീൻ എന്നിവരാണ് മഷി നിർമിച്ചത്. സസ്യങ്ങളിൽ ബാക്ടീരിയ, വൈറസ്, ഫംഗസ്, നിമറ്റോഡ്, മൈറ്റുകൾ തുടങ്ങിയവ ഭക്ഷിക്കുകയോ മുട്ടയിടുകയോ ചെയ്യുന്നതിനാൽ ഉണ്ടാകുന്ന അസാധാരണ വളർച്ചയായ ഗാളുകളാണ് ഇവർ ഇതിനായി ഉപയോഗിച്ചത്.
സെസിഡോ കെർസ് കൊനെക്സ (Cecidochares connexa) എന്ന ഇത്തിരിക്കുഞ്ഞൻ ഈച്ചയാണ് കമ്യൂണിസ്റ്റ് പച്ചയിൽ ഗാളുകൾക്ക് കാരണം. ഈ ഗാളുകളിൽ ഉയർന്ന അളവിൽ ടാനിൻ അടങ്ങിയിരിക്കുന്നതിനാൽ മഷി ഉൽപാദനത്തിന് അനുയോജ്യമാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഈ കണ്ടെത്തൽ പരിസ്ഥിതിസൗഹൃദ മഷി ഉൽപാദനരീതികളെക്കുറിച്ചുള്ള കൂടുതൽ ഗവേഷണത്തിന് വഴിയൊരുക്കുകയും അത് രാസ മഷി ഉപയോഗം കുറക്കാൻ കാരണമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബിരുദതലത്തിൽ ഇത്തരമൊരു കണ്ടുപിടിത്തം അഭിനന്ദനാർഹമാണെന്ന് വകുപ്പ് മേധാവി ഡോ. ഷെറീന പറഞ്ഞു. ഇത് കൂടുതൽ ഗവേഷണങ്ങളിലേക്കുള്ള തുടക്കമാവട്ടെയെന്ന് ജന്തുശാസ്ത്ര വകുപ്പിലെ അധ്യാപകരായ ഡോ. ബാദുഷ, ഡോ. ശിഹാബ് ഇസ്മായിൽ എന്നിവർ അഭിപ്രായപ്പെട്ടു.